വിതുര: വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പൊന്മുടി - വിതുര റോഡിൽ വിതുര കെ.പി.എസ്.എം ജംഗ്ഷന് സമീപം നിർമ്മിച്ച ഫുട്ബോൾ ടർഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളിയും സെക്രട്ടറി പി. സന്തോഷ് കുമാറും അറിയിച്ചു.
രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർപ്രകാശ് എം.പി വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത, ജില്ലാപഞ്ചായത്തംഗം മിനി,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, പഞ്ചായത്തംഗങ്ങളായ സന്ധ്യജയൻ, നീതുരാജീവ്, മേമലവിജയൻ,ജെ.എസ്. ലൗലി, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി,ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ എന്നിവരും,വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനസർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ ബാങ്കുകൾക്ക് ജില്ലയിൽ ഒരു ടർഫ് സ്റ്റേഡിയം അനുവദിച്ചിരുന്നു.. ഇതിനായി വിതുര സർവീസ് സഹകരണബാങ്കിനെയാണ് സർക്കാർ തിരഞ്ഞെടുത്തത്. ബാങ്കിന്റെ ലാഭ വിഹിതത്തിൽനിന്ന് 32.35 ലക്ഷം രൂപ വിനിയോഗിച്ചാണ് ടർഫ് നിർമ്മിച്ചത്. ഇതിന് പുറമേ സർക്കാർ സഹായവും ലഭിച്ചിരുന്നു. കെ.പി.എസ്.എം ജംഗ്ഷനിൽ ബാങ്കിന് സ്വന്തമായുള്ള 50 സെന്റ് സ്ഥലത്താണ് ടർഫ് നിർമ്മിച്ചത്. ടർഫിന് വേണ്ടി വന്ന സ്ഥലം കഴിഞ്ഞ് ബാക്കി ഭൂമിയിൽ പൊന്മുടി, ബോണക്കാട്, പേപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ഫെസിലിറ്റി സെന്റർ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ടൂറിസം ഫെസിലിറ്റിസെന്ററിന് 98 ലക്ഷം രൂപ ചെലവഴിക്കുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളിയും സെക്രട്ടറി പി.സന്തോഷ് കുമാറും അറിയിച്ചു.