പള്ളിക്കൽ: പള്ളിക്കൽ സി.എച്ച്.സിയുടെ നവീകരണ പദ്ധതികൾ കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ധ്യക്ഷനായ ബ്ലോക്ക്‌ അംഗം ഉദ്ഘാടനം ചെയ്തതായി കോണ്‍ഗ്രസ്. എന്നാൽ കോൺഗ്രസിന്റെ ഉദ്ഘാടന നാടകം അംഗികരിക്കാൻ കഴിയില്ലെന്നും ഉദ്ഘാടനം പിന്നീട് നടത്തുമെന്നും സി.പി.എമ്മും അറിയിച്ചു. ഉദ്ഘാടന ശിലാഫലകത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് വാർഡ്‌ അംഗത്തിന്റെയും താഴെ എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ബ്ലോക്ക്‌ ഭരണ സമിതിയുടെ തീരുമാനപ്രകാരം ഉദ്ഘാടന തീയതിയും സമയവും നിശ്ചയിക്കുകയായിരുന്നുവെന്നും ഉദ്ഘാടന പരിപാടിക്ക് പൊതുജനങ്ങളും ജനപ്രതിനിധികളും എത്തിയപ്പോൾ സി.പി.എം നേതാക്കൾ പിരിഞ്ഞുപോയതായും കോൺഗ്രസ് ആരോപിച്ചു. ഉദ്ഘാടകനായ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എത്താതിരുന്നതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ അംഗം എ. നിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി. ശിലാഫലകത്തിലെ പിഴവ് ഗുരുതര വീഴ്ച്ചയാണെന്നും ഔദ്യോഗികമായി നോട്ടീസ്‌ അടിച്ച് പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്നും സി.പി.എം ഭാരവാഹികൾ അറിയിച്ചു.