cow

തിരുവനന്തപുരം: രോഗം ഒരു കുടുംബത്തിന്റെ കാഴ്ച തല്ലിക്കെടുത്തിയെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒൻപത് പശുക്കളെ പോറ്റി അതിജീവനത്തിന് മാതൃകയാവുകയാണ് അവർ.
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ പുല്ലൂപ്രം ആലപ്പാട് വീട്ടിൽ പുന്നൂസും മക്കളായ ജോമോനും ജോമോളും ചെറുമകൾ അൻഷ്വലും കാഴ്ച പരിമിതരാണ്. കാഴ്ചയുള്ളത് ഭാര്യ അന്നമ്മയ്‌ക്കും ജോമോളുടെ ഇളയ കുട്ടിക്കും മാത്രം.

രാവിലെ നാലിന് എഴുന്നേൽക്കുന്ന പുന്നൂസ് കാഴ്ചയില്ലെങ്കിലും വാതിലിന്റെ ഓടാമ്പൽ മാറ്റി തൊഴുത്തിലെത്തും. കാഴ്ചയുള്ള അന്നമ്മയ്‌ക്ക് ലൈറ്റിടണം. അന്നമ്മ എത്തും മുൻപേ തൊഴുത്തിലെ പാത്രത്തിലേക്ക് പുന്നൂസ് പിണ്ണാക്കും തീറ്റയും അളന്നിട്ടിരിക്കും. തീറ്റപാത്രവുമായി ഓരോ പശുവിനെയും കൊമ്പിൽ പിടിച്ച് തിരിച്ചറിഞ്ഞ് ഭക്ഷണം നൽകും.

ഇതിനിടെ കാഴ്ചയില്ലാത്ത ജോമോൻ ചാണകം വാരി വൃത്തിയാക്കും. പിന്നെ ചാണകക്കുഴി ലക്ഷ്യമാക്കി നടക്കും. അപ്പോഴേക്കും അന്നമ്മ കറവ തുടങ്ങും. വീടുകളിൽ നൽകാനുള്ള കുപ്പികളിൽ 40 ലിറ്ററോളം പാൽ തുള്ളിപോലും തൂവാതെ അളന്നൊഴിക്കുന്നത് ജോമോളാണ്. ആറുമണിയോടെ പാൽക്കുപ്പികൾ നിറച്ച സഞ്ചിയുമായി ജോമോൻ ഓരോ വീട്ടിലേക്കും നടക്കും.

തിരിച്ചെത്തിയശേഷം ഓരോ പശുവുമായി ദുർഘടമായ ഇടവഴിയിലൂടെ ജോമോൻ പാടത്തേക്ക് പോകും. കുളത്തിലെ വെള്ളമെടുത്ത് ഒാരോന്നിനെയും കുളിപ്പിക്കും.

ഇപ്പോൾ അന്നമ്മയുടെ ചുറ്റുമാണ് കുടുംബം. തന്റെ കാലശേഷം ഇരുട്ടിന്റെ ലോകത്ത് ഇവരെ ആര് സഹായിക്കുമെന്ന ആശങ്ക അന്നമ്മയ്ക്കുണ്ട്. എങ്കിലും പശുക്കളുടെ കരുതലിൽ ജീവിതം തുടരുകയാണ് കുടുംബം.

#കണ്ണിലെ രക്തയോട്ടം നിലച്ചു, കാഴ്ച പോയി

കണ്ണിൽ രക്തമെത്തിക്കുന്ന ഞരമ്പ് ചുരുങ്ങി കാഴ്‌ച കുറയുന്ന പാരമ്പര്യ രോഗമാണ് . ചികിത്സകൾ ഫലിച്ചില്ല. കാഴ്ച നഷ്ടപ്പെട്ടപ്പോഴും അവർ തളർന്നില്ല. നേരത്തേ ചെയ്‌തിരുന്ന പശുവളർത്തൽ തുടരാൻ തീരുമാനിച്ചു. ഒരു പശുവിലായിരുന്നു തുടക്കം. അതു പെറ്റുണ്ടായതാണ് മറ്റു പശുക്കൾ. അവരുടെ പരിമിതികൾ തിരിച്ചറിഞ്ഞപ്പോലെ പശുക്കളും ഇണങ്ങിനിന്നു.പരിമിതികൾ നിറഞ്ഞ ചെറിയൊരു വീട്ടിലാണ് കുടുംബത്തിന്റെ താമസം.

സർക്കാരിന്റെ എല്ലാ സഹായ പദ്ധതികളിലും ഈ കുടുംബത്തെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. പശുവളർത്തൽ ജീവിതമാർഗ്ഗമാക്കി വിധിയോട് പൊരുതുന്ന ഇവർക്ക് പ്രത്യേക പരിഗണന നൽകാറുണ്ട്.

-ഡോ .എബി കെ.എബ്രഹാം

അസി.പ്രോജക്ട് ഒാഫീസർ ,റാന്നി

വീഡിയോയും ചിത്രവും:സന്തോഷ് നിലയ്ക്കൽ