forest

തിരുവനന്തപുരം: കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് സന്ദർശകർക്കായി ഒരുക്കിയിരിക്കുകയാണ് വനം വന്യജീവി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിലെ അരണ്യവിസ്മയം എന്ന സ്റ്റാളിലാണ് ഈ വിസ്മയക്കാഴ്ച. ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സ്റ്റാളിൽനിന്നും സന്ദർശകർക്ക് ലഭിക്കും.

വിദ്യാവനം, നഗരവനം തുടങ്ങി വനത്തിന് പുറത്ത് ഏറ്റവും കുറഞ്ഞ സ്ഥലത്ത് സൃഷ്ടിക്കാവുന്ന സ്വാഭാവിക വനമാതൃകകൾ, കാവ്, കണ്ടൽക്കാടുകളുടെ സംരക്ഷണം, അതിനായി വകുപ്പ് നൽകുന്ന ധനസഹായം സംബന്ധിച്ച വിവരങ്ങൾ,​ പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളും വനംവകുപ്പ് സ്റ്റാളിൽ മറുപടി ലഭിക്കും.

കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോൾ വെറും കൈയോടെ മടങ്ങേണ്ട. ശുദ്ധമായ കാട്ടുതേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങളും ഉത്പന്നങ്ങളുമായി വനശ്രീയുടെ വില്പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.