
തിരുവനന്തപുരം: എന്നും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. വേറിട്ട രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹം എന്നും പിന്തുടർന്നത്. ലോക്‌താന്ത്രിക് ജനതാദളിന്റെ (എൽ.ജെ.ഡി) ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.പി വീരേന്ദ്രകുമാർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എൻ.എം. നായർ അദ്ധ്യക്ഷനായ ചടങ്ങിൽ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ മാത്യു. ടി തോമസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ, എൽ.ജെ.ഡി നേതാക്കളായ സുരേന്ദ്രൻ പിള്ള, ചാരുപാറ രവി, എസ്. ചന്ദ്രകുമാർ, ബാലുകിരിയത്ത്, ടി.എൻ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
ലയനം സൂചിപ്പിച്ച് മാത്യു ടി. തോമസ്
കോൺഗ്രസിലേക്ക് ക്ഷണിച്ച് വേണുഗോപാൽ
തിരുവനന്തപുരം: ഭിന്നിച്ചു പോയ സോഷ്യലിസ്റ്റ് പാർട്ടികൾ എം.പി വീരേന്ദ്ര കുമാറിന്റെ ആഗ്രഹം പോലെ ഒന്നിച്ചുചേരണമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. കോഴിക്കോട് നടന്ന ഒരു യോഗത്തിൽ വച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാകണമെന്ന് പ്രഖ്യാപിച്ച ശേഷം നടന്ന മറ്റൊരു യോഗത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു, മാത്യു നമ്മൾ വീണ്ടും ഒന്നിച്ചല്ലേയെന്ന്. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ചേരിതിരിവുകൾ മാറ്റി ഒന്നാകണമെന്ന് അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. അത്തരമൊരു ലയനത്തിന് കഴിയുംവിധമുള്ള തീരുമാനങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടാകട്ടെയെന്നും മാത്യു ടി. തോമസ് പറഞ്ഞു.
ചേരിതിരിവുകൾ മാറ്റി ഒന്നാകുന്ന പാർട്ടിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരാൻ കഴിഞ്ഞാൽ മഹത്തായ കാര്യമാകുമെന്നായിരുന്നു ചടങ്ങിൽ സംസാരിച്ച മുൻ ട്രിഡ ചെയർമാൻ കൂടിയായ പി.കെ. വേണുഗോപാൽ അഭിപ്രായപ്പെട്ടത്. വീരേന്ദ്രകുമാർ കേരളത്തിന്റെ പൊതുസ്വത്താണെന്നും എന്നും ധീരതയോടുള്ള തീരുമാനങ്ങൾ അദ്ദേഹം എടുത്തിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹണമാണ്
സത്യപ്രതിജ്ഞ ചെയ്‌ത് മണിക്കൂറുകൾക്കകം രാജിവച്ച് പുറത്തുപോയതെന്നും പി.കെ. വേണുഗോപാൽ പറഞ്ഞു.