
തിരുവനന്തപുരം: കതകിനിടയിൽപ്പെട്ട് കൈവിരൽ അറ്രുതൂങ്ങിയ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്നത് 36 മണിക്കൂർ. ഒടുവിൽ നെടുങ്കാട് കൗൺസിലർ കരമന അജിത്തിന്റെയും കരമന സത്യാ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ഇടപെടലിൽ ഇന്നലെ രാത്രി എട്ടരയോടെ ശസ്ത്രക്രിയ നടത്തി. നിശ്ചിതസമയം കഴിഞ്ഞ ശേഷം നടത്തിയ ശസ്ത്രക്രിയ ഫലപ്രദമാകുമോ എന്ന് സംശയമുണ്ടെന്ന് ഓർത്തോ വിഭാഗത്തിലെ വിദഗ്ദ്ധർ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് കുട്ടിയുടെ ഇടതുകൈ വിരലുകൾ മുറിഞ്ഞത്. അപകടം നടക്കുമ്പോൾ ഹോട്ടൽ തൊഴിലാളിയായ കുട്ടിയുടെ പിതാവ് ഷാഹുൽ എന്നുവിളിക്കുന്ന മഹേന്ദ്ര സ്ഥലത്തില്ലായിരുന്നു. അമ്മ ഡിന്നിമയി സഹു കുട്ടിയുമായി ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കെത്തി. പരുക്ക് ഗുരുതരമായതിനാൽ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ രക്ഷയുള്ളുവെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാനും നിർദ്ദേശിക്കുകയായിരുന്നു. കൂടാതെ ശസ്ത്രക്രിയ കഴിയുന്നതുവരെ ഭക്ഷണം നൽകരുതെന്നും നിർദ്ദേശിച്ചു. ഉടൻ മെഡി. കോളേജിലെത്തിയെങ്കിലും ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ് തുടർന്നു. ഭക്ഷണം കഴിക്കാതെ വിശപ്പും വേദനയും സഹിച്ചായിരുന്നു കുട്ടിയുടെ കാത്തിരിപ്പ്. വൈകുന്നേരമായിട്ടും ഫലപ്രദമായ ചികിത്സ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയതോടെ കുട്ടിയുടെ അമ്മ കൗൺസിലർ കരമന അജിത്തിനെ ഫോണിൽ ബന്ധപ്പെട്ടു. കൗൺസിലറുടെ ഇടപെടലോടെയാണ് ഇന്നലെ രാത്രി എട്ടരയോടെ ശസ്ത്രക്രിയ നടത്താൻ അധികൃതർ തയ്യാറായത്. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ മകൾ സുഖമായിരിക്കുന്നതായി മഹേന്ദ്ര പറഞ്ഞു.