
ആറ്റിങ്ങൽ: നഗരസഭയുടെ അജൈവമാലിന്യ സംഭരണ പരിപാലനകേന്ദ്രത്തിൽ കുന്നുകൂടുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ചു തീരാതെ ജീവനക്കാർ വലയുന്നു. സംഭരണ കേന്ദ്രത്തിൽ ചാക്കുകളിൽ നിറച്ചാണ് തരംതിരിക്കാനുള്ള അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നത്. സാധാരണ രീതിയിൽ തരംതിരിച്ചാൽ ഇത് എന്നു തീരുമെന്ന് ഒരു നിശ്ചയവുമില്ല. കൂടാതെ ദിവസവും വർദ്ധിച്ച തോതിൽ മാലിന്യം എത്തിക്കൊണ്ടിരിക്കുകയാണ്.നഗരസഭാപ്രദേശത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്ന് കഴിഞ്ഞ നാലുമാസത്തിനുള്ളിൽ ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിച്ചവയാണ് ഇപ്പോൾ കുന്നുകൂടിക്കിടക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ബോധവത്കരണ പരിപാടികൾ കൊണ്ടുപിടിച്ച് നടക്കുമ്പോഴും പുറന്തള്ളുന്ന അജൈവമാലിന്യത്തിന്റെ അളവ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ശേഖരണം മുറപോലെ
അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ചുമതല ഹരിതകർമ്മസേനയ്ക്കാണ്. 40 അംഗങ്ങളാണ് ഇതിലുള്ളത്. മാലിന്യം ശേഖരിക്കാൻ രണ്ട് വാഹനവും നഗരസഭ വിട്ടുകൊടുത്തിട്ടുണ്ട്. സേനാംഗങ്ങൾ മാസത്തിലൊരുദിവസം വീടുകളിൽ നിന്നും ആഴ്ചയിൽ രണ്ടുദിവസം വീതം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നു. വീടുകളിൽ നിന്ന് 50 രൂപവീതവും സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ച് 50 മുതൽ 500 രൂപ വരെയുമാണ് ഈടാക്കുന്നത്. ഈ തുകയിൽ നിന്നാണ് ഹരിതകർമ്മസേനാംഗങ്ങളുടെ വേതനവും മാലിന്യസംഭരണത്തിനുള്ള ചെലവുകളും കണ്ടെത്തുന്നത്.
ശേഖരിക്കുന്നവ
പത്രം, പേപ്പർകവർ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, മരുന്ന് സ്ട്രിപ്പുകൾ, കുപ്പികൾ, കുപ്പിച്ചില്ല്, കണ്ണാടി, ചെരുപ്പ്, ബാഗ്, തുണിമാലിന്യങ്ങൾ, ഇരുമ്പ് മാലിന്യങ്ങൾ, ഇ-മാലിന്യങ്ങൾ, ട്യൂബ്, ബൾബ്, ബാറ്ററി, മറ്റ് ഇലക്ട്രിക്കൽ സാധനങ്ങൾ, റബർ ഉത്പന്നങ്ങൾ
പാൽക്കവറുകളുൾപ്പെടെ കഴുകി ഉണക്കി ഹരിതകർമ്മസേനയ്ക്ക് കൈമാറാമെന്നാണ് വ്യവസ്ഥ.
മാലിന്യം സ്വകാര്യ ഏജൻസിക്ക്
സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം ചാക്കുകളിൽ നിറച്ച് നഗരസഭയുടെ ഖരമാലിന്യ പരിപാലന കേന്ദ്രത്തിന് സമീപമുള്ള അജൈവമാലിന്യ പരിപാലന കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്ന് ഓരോന്നും തരംതിരിച്ച് വെവ്വേറെ ചാക്കുകളിൽ നിറച്ച് കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിക്ക് കൈമാറും. ഒരു കിലോ മാലിന്യം ഏറ്റെടുക്കുന്നതിന് ഈ കമ്പനി ആറ് രൂപവീതമാണ് ഈടാക്കുന്നത്. ഈ ചെലവ് നഗരസഭയാണ് വഹിക്കുന്നത്. സർക്കാരിന്റെ ക്ലീൻകേരളയ്ക്ക് നല്കുമ്പോൾ ഫീസിനത്തിൽ കിലോയ്ക്ക് 10 രൂപ നല്കണം. ഇതിനാലാണ് കുറഞ്ഞ് തുകയ്ക്ക് മാലിന്യം ഏറ്റെടുക്കുന്ന സ്വകാര്യസ്ഥാപനത്തിന് നൽകുന്നത്.
മാലിന്യം ഭീഷണിയാകുന്നു
കഴിഞ്ഞ നാല് മാസമായി പരിപാലനകേന്ദ്രത്തിൽ സംഭരിച്ചിരിക്കുന്ന മാലിന്യം തരംതിരിക്കണമെങ്കിൽ ആഴ്ചകൾ വേണ്ടിവരും. മാലിന്യശേഖരണത്തിന് ശേഷം ഹരിതകർമ്മസേനാംഗങ്ങൾ തന്നെയാണ് തരംതിരിക്കലും നടത്തുന്നത്. മേയ് മാസത്തിലാണ് വീടുകളിൽ നിന്ന് പഴയ ചെരുപ്പുകളും ബാഗുകളും തുണികളും ശേഖരിച്ചത്. ഇതിന്റെ വലിയൊരു കൂനതന്നെ പരിപാലനകേന്ദ്രത്തിന് മുന്നിലുണ്ട്. മഴക്കാലത്തിന് മുമ്പ് ഇവ കയറ്റിഅയച്ചില്ലെങ്കിൽ പരിപാലനകേന്ദ്രം മാലിന്യം കൊണ്ട് നിറയും. ഈ വളപ്പിൽ കൃഷി ഓഫീസും അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.