
പൂവാർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസിന് സ്ഥിരം തലവേദനയുമായ പുത്തളം ബിനു (38) പിടിയിലായി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഷാഡോ പൊലീസ് സംഘവും കാഞ്ഞിരംകുളം പൊലീസും സംയുക്തമായി നടത്തിയ ഒരു മാസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബിനു അറസ്റ്റിലായത്. കോട്ടുകാൽ പുത്തളം പുത്തൻവിളാകം വീട്ടിൽ വിം ബിനു എന്ന ബിനു കൊലപാതകം, കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെ 20ൽ പരം കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ മാസം 23ന് നടന്ന രണ്ട് ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഏപ്രിൽ 23ന് മര്യാപുരം ജില്ലാ ഡിവിഷൻ അംഗം സൂര്യ എസ്. പ്രേമിന്റെ ഭർത്താവ് സജിത്തിനെ ആക്രമിച്ച ബിനു അന്നേദിവസം ബാലരാമപുരത്ത് നിന്ന് പുത്തളത്ത് ജോലിക്കെത്തിയ രാജുവിനെയും മർദ്ദിച്ചിരുന്നു. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബിനു അടിക്കടി മൊബൈൽ ഫോൺ മാറ്റിയതും അന്വേഷണത്തെ സാരമായി ബാധിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ ഇന്നലെ രാവിലെ കോട്ടുകാലിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാത്തിൽ പിടികൂടുകയായിരുന്നു.