photo

പാലോട് : കലാകാരന്മാരടക്കം നിരവധി പേരെ ഗ്രാമീണ മേഖലയിൽ

നിന്ന് കൈപിടിച്ചുയർത്തിയ പ്രതിഭാശാലിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഫോട്ടോഗ്രാഫർ ഓർമ്മ രവീന്ദ്രൻ (75). വാർദ്ധക്യ സഹജമായ അവശതകൾ കാരണം നന്ദിയോട് പ്ലാവറയിലെ കുടുംബ വീടായ ഓർമ്മ സദനത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

അരനൂറ്റാണ്ടിലധികമായി ഇദ്ദേഹം പാലോട്ട് നടത്തി വരുന്ന ഓർമ്മ സ്റ്റുഡിയോ ഒരുകാലത്ത് പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെയും കലാകാരന്മാരുടെയും കേന്ദ്രമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ടെലിഫോൺ വിരളമായിരുന്ന അക്കാലത്ത് ഒരു "പ്രസ് ക്ലബ് " പോലെയായിരുന്നു ഈ സ്റ്റുഡിയോ. വിവിധ പത്രങ്ങളിലേക്കുള്ള വാർത്താ കുറിപ്പുകൾ ,അതതു പ്രതിനിധികളെ നേരിട്ടേല്പിക്കുകയും,ഹെഡാഫീസിൽ നിന്നുള്ള ഫോൺ സന്ദേശങ്ങൾ കൃത്യമായി ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. വാർത്താ സമ്മേളനങ്ങൾ നടന്നിരുന്നതും സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു. പൊന്മുടിയും ബോണക്കാടും അടക്കമുള്ള എസ്റ്റേറ്റുകളിലും ആദിവാസി ഊരുകളിലും വലിയ കാമറയും തൂക്കി എത്തിയിരുന്ന രവീന്ദ്രൻ മലയോര മേഖലയിൽ ചിരപരിചിതനാണ്. ബോണക്കാട് പട്ടിണി മരണവും ശാസ്താം നടയിലെ മന്തുരോഗ വ്യാപനവും മരം കൊള്ളയും മൃഗവേട്ടയും ഉൾപ്പടെ നിരവധി സംഭവങ്ങൾ പുറത്തു കൊണ്ടുവരാൻ പ്രാദേശിക ലേഖകർക്ക് വിവരങ്ങളും ചിത്രങ്ങളും നൽകിയത് രവീന്ദ്രനാണ്. 1992 ലെ ബ്രൈമൂർ ഉരുൾപൊട്ടലും പാലോട് വെള്ളപ്പൊക്കവും ലോകമറിഞ്ഞത് രവീന്ദ്രൻ പകർത്തിയ ഫോട്ടോകളിലൂടെയായിരുന്നു. നൂറ്റാണ്ടിനോടടുക്കുന്ന പാലോട് കാളച്ചന്തയുടെ വിവിധ ഘട്ടങ്ങളുടെ ഫോട്ടോ ശേഖരവും പാലോട് , നന്ദിയോടു പ്രദേശത്തുണ്ടായിരുന്ന പ്രധാന വയലേലകളുടെ ചിത്രങ്ങളും രവീന്ദ്രൻ പകർത്തിയതാണ്. അദ്ദേഹത്തിന്റ ഉപദേശമനുസരിച്ച് തുടർപഠനം നടത്തിയ പത്തിലേറെ മാദ്ധ്യമ പ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിൽ അംഗങ്ങളായിട്ടുണ്ട്.റേഷൻകട തൊഴിലാളിയായിട്ടാണ് ജീവിതം ആരംഭിച്ചത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. വിയോഗ വാർത്തയറിഞ്ഞ് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.