നെയ്യാറ്റിൻകര: മാരായമുട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച അടിപിടി കേസിലെ പ്രതി ചാടിപ്പോയി. പിന്നീട് പൊലീസ് വീണ്ടും പിടികൂടി സ്റ്റേഷനിലെത്തിച്ചു. ആയയിൽ ഘോഷയാത്രയുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ പെരുമ്പഴുതൂർ കടവംകോട് കോളനിയിൽ ശ്രീജിത്ത് (22)നെയാണ് ചാടിപ്പോയ ശേഷം പിടികൂടിയത്. സ്റ്റേഷൻ ജാമ്യത്തിനായി ജാമ്യക്കാരെ കാത്തിരിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ കൈവിലങ്ങ് അഴിച്ച് നൽകുന്നതിനിടെയാണ് ഇയാൾ പൊലീസിനെ വെട്ടിച്ച് ചാടിയത്. സ്റ്റേഷനിൽ നിന്ന് മുമ്പും ഇത്തരത്തിൽ പ്രതികൾ ചാടിപ്പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ഥലസൗകര്യക്കുറവുളള സ്റ്റേഷനിൽ പ്രതികളെ പാർപ്പിക്കാൻ സെല്ലില്ലാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് സ്റ്റേഷൻ അധികൃതരുടെ പരാതി.