തിരുവനന്തപുരം: സി.എസ്.ഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ദക്ഷിണ കേരള മഹായിടവകയുടെ 63-ാം സ്ഥാപക ദിനാഘോഷങ്ങളുടെയും ഉദ്ഘാടന ദിവസത്തിൽ വൈദികരുടെയും സഭാപ്രതിനിധികളുടെയും സമ്മേളനം എൽ.എം.എസ്. കോമ്പൗണ്ടിലുള്ള എം.എം.സി.എസ്.ഐ കത്തീഡ്രലിൽ സി.എസ്.ഐ മോഡറേറ്റർ എ. ധർമ്മരാജ് റസാലം ഉദ്ഘാടനം ചെയ്‌തു.
സമൂഹത്തിലെ അടിസ്ഥാനവർഗത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സഭയുടെ ലക്ഷ്യമെന്നും മിഷണറിമാർ കാണിച്ചുതന്ന പാതയിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ സഭ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 75 വർഷത്തെ സഭയുടെ സംഭാവന സഭാവിശ്വാസികൾക്കുമാത്രമല്ല പൊതുസമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയിൽ നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീൺ മുഖ്യ സന്ദേശം നൽകി. ജെ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ബിഷപ്പമ്മ ഷെർളി റസാലം, എം.എം.സി.എസ്.ഐ കത്തീഡ്രൽ വികാരി എം. വേദരാജ്, മുൻ മഹായിടവക സെക്രട്ടറി ഡോ.പ്രൊഫ.എൻ. സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു. എൽ.എം.എസ് കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച റാലിയിൽ പുരോഹിതരും സഭാശുശ്രൂഷകരുടെയും അൽമായ നേതാക്കളും പങ്കെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ സ്ഥാപക ദിനമായ ജൂൺ 2ന് ദക്ഷിണേന്ത്യാ സഭയുടെ ഔദ്യോഗിക ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സ്ഥാപക ദിനാഘോഷപരിപാടികൾ കത്തീഡ്രൽ ഇടവകയിൽ നടക്കും. സെപ്തംബർ 27വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിളംബരജാഥ, കലാജാഥ, ഇരുചക്രവാഹന ജാഥ, സാംസ്കാരിക സമ്മേളനം, ഡിസ്ട്രിക്ട് തലത്തിൽ പൊതുസമ്മേളനം, ദീപശിഖാപ്രയാണം എന്നിവ ഉണ്ടാകും.