
തിരുവനന്തപുരം: ബെവ്കോയുടെ വിദേശമദ്യ ചില്ലറ വില്പനശാലകളിൽ വില കുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം തുടരുമ്പോഴും, ബാറുകൾക്കുള്ള വിഹിതം കൂട്ടുന്നു. വെയർഹൗസ് മാനേജർമാർക്ക് ശനിയാഴ്ച ബിവറേജസ് കോർപ്പറേഷൻ ഇത്
സംബന്ധിച്ച് വാക്കാൽ അറിയിപ്പ് നൽകി.
നേരത്തെ 70 ശതമാനം ബെവ്കോ ഷോപ്പുകൾക്കും 30 ശതമാനം ബാറുകൾക്കും എന്ന ക്രമത്തിലാണ് വില കുറഞ്ഞ മദ്യം നൽകിയിരുന്നത്. ഇനി മുതൽ ഇത് 50 ശതമാനം വീതമാക്കും.ഇതോടെ സാധാരണക്കാരന് വില കൂടിയ ബ്രാൻഡുകളാവും ശരണം.
വില കൂട്ടി നൽകണമെന്ന ആവശ്യം സർക്കാർ നടപ്പാക്കാത്തതിനാൽ നിർമ്മാതാക്കൾ വില കുറഞ്ഞ മദ്യത്തിന്റെ സപ്ളൈ വെട്ടിക്കുറച്ചു. ഷോപ്പുകളിൽ കെട്ടിക്കിടന്ന പ്രിമിയം ബ്രാൻഡുകളുടെ വില്പന കൂടി. ജവാൻ (ലിറ്ററിന് 600 രൂപ), ഓൾഡ് പോർട്ട്(710), എസ്.എൻ.ജെ നമ്പർ 1(660),സെലിബ്രേഷൻ(760) തുടങ്ങിയ ബ്രാൻഡുകളാണ് ചില്ലറ വില്പന ശാലകളിൽ ഏറെ വിറ്റിരുന്നത്. ഇവയൊന്നും ഇപ്പോൾ കിട്ടാനില്ല. പ്രിമിയം ഇനത്തിലെ കുറഞ്ഞ ബ്രാൻഡിന് പോലും ലിറ്ററിന് 900 രൂപയ്ക്ക് മുകളിലാണ് വില.
ചില്ലറ വില്പന ശാലകളിലേക്ക് അയയ്ക്കുന്ന പ്രിമിയം ബ്രാൻഡ് കെയ്സുകളുടെ എണ്ണം ബെവ്കോ ഉയർത്തി. ഒരു ലോഡ് മദ്യം(600 കെയ്സ്) ഷോപ്പിലേക്ക് അയയ്ക്കുമ്പോൾ 10 ശതമാനം പ്രിമിയം ബ്രാൻഡുകൾ എന്നതായിരുന്നു കണക്ക്. ഇപ്പോൾ ഇത് 20 ശതമാനമാക്കി. പ്രിമിയം ബ്രാൻഡുകളെ സഹായിക്കാനാണിതെന്നാണ് ആക്ഷേപം
ബിയറും കെട്ടിക്കിടക്കുന്നു
ബെവ്കോയുടെ മിക്ക ഷോപ്പുകളിലും ബിയറും കെട്ടിക്കിടക്കുന്നുണ്ട്. ബഡ് വൈസർ, ഹെലിക്കൺ ലാഗർ(160 രൂപ വീതം), കെ.എഫ് സ്റ്റോം(140 )തുടങ്ങിയ ഇനങ്ങളാണ് മിച്ചമുള്ളത്. മഴയുടെ ആധിക്യമാണ് ബിയർ വില്പനയെ ബാധിച്ചത്. ഉത്പാദന ദിവസം മുതൽ ആറു മാസം കഴിഞ്ഞാൽ ബിയർ ഉപയോഗ്യശൂന്യമാവും. വെയർഹൗസിൽ കൊണ്ടുപോയി നശിപ്പിക്കുകയാണ് പിന്നെയുള്ള മാർഗ്ഗം. വില കുറഞ്ഞ മദ്യ ക്ഷാമത്തിന്റെ മറവിൽ ബിയർ വില്പന കൂട്ടാമെന്ന് ബെവ്കോ പ്രതീക്ഷിച്ചെങ്കിലും വലിയ ഗുണമുണ്ടായില്ല.
ബെവ്കോയുടെ എല്ലാ ചില്ലറ വില്പന ശാലകളുടെയും വിസ്തൃതി ജൂൺ മാസത്തോടെ 2000 ചതുരശ്ര അടിക്ക് മുകളിലാക്കും. പുതിയ കെട്ടിടങ്ങൾ കണ്ടെത്തുകയോ, ഉള്ളവ വിപുലപ്പെടുത്തുകയോ ചെയ്യും. ഇപ്പോൾ പല ഷോപ്പുകൾക്കും 1500 ചതുരശ്ര അടിയിൽ താഴെയാണ് വിസ്തൃതി.