വിതുര: മലയോരമേഖലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കൊവിഡ്കാലത്ത് നിറുത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിതുര, ആര്യനാട്, പാലോട്, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും കൊവിഡ് കാലത്ത് അമ്പതോളം സർവീസുകളാണ് പിൻവലിച്ചത്. ആദിവാസിമേഖലകളിലേക്കുണ്ടായിരുന്ന നിരവധി സർവീസുകളും നിറുത്തലാക്കി. ഇതിൽ മിക്കതും മികച്ച കളക്ഷനുമായി സർവീസ് നടത്തിയവയായിരുന്നു. വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം നിലവിൽ മലയോരമേഖലയിൽ രൂക്ഷമായ യാത്രാക്ലേശമാണ് നേരിടുന്നത്. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നതെങ്കിലും വാഗ്ദാനം കടലാസിലാണ്. ഇതുസംബന്ധിച്ച് അനവധി തവണ കെ.എസ്.ആർ.ടി.സി മേധാവികൾക്ക് പരാതി നൽകിയെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. യാത്രാക്ലേശം രൂക്ഷമാവുകയാണെങ്കിൽ നിറുത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് വിദ്യാർത്ഥിസംഘടനകളുടെ തീരുമാനം.
ഗോത്രസാരഥിയും കാണാനില്ല
സർവീസുകളുടെ അഭാവം മൂലം സ്കൂൾ തുറക്കുമ്പോൾ യാത്രാദുരിതം ഇരട്ടിക്കാനാണ് സാദ്ധ്യത. ആദിവാസിമേഖലകളിൽ വിദ്യാർത്ഥികൾക്ക് ആശ്രയമായി സർവീസ് നടത്തിയിരുന്ന ബസുകളിൽ ഭൂരിഭാഗവും കൊവിഡ് കാലത്ത് നിറുത്തലാക്കിയവയിൽപ്പെടും. അതേസമയം ആദിവാസി വിദ്യാർത്ഥികൾക്കായി സർക്കാർ നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതി ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. ജില്ലയിൽ ചില സ്കൂളുകളിൽ മാത്രമാണ് ഗോത്രസാരഥി പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ തുറക്കുമ്പോൾ ഗോത്രസാരഥി പദ്ധതി മലയോരമേഖലയിലെ സ്കൂളുകളിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആദിവാസിസംഘടനകൾ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
നിവേദനം നൽകി
വിതുര ഡിപ്പോയിൽ നിന്ന് കൊവിഡ് കാലത്ത് നിറുത്തലാക്കിയ എല്ലാ ബസ് സർവ്വീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി. അശോക് കുമാർ, ജനറൽസെക്രട്ടറി സി.എസ്. അരുൺ, ജില്ലാകമ്മിറ്റിഅംഗം പി. ശ്രീകണ്ഠൻനായർ, യുവമോർച്ച മണ്ഡലം സെക്രട്ടറി മനുമോഹൻ എന്നിവരുടെ നേതൃത്വത്തിൽ വിതുര ഡിപ്പോയിൽ നിവേദനം നൽകി. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.