
കിളിമാനൂർ: നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അമിതവേഗതയിൽ ഗ്രാമീണ റോഡുകൾ കീഴടക്കുന്ന ടോറസ് ടിപ്പറുകൾ ജനങ്ങളുടെ പേടിസ്വപ്നമാകുന്നു. ലക്കും ലഗാനുമില്ലാതെ കുതിച്ചെത്തുന്ന ടോറസുകളിൽ നിന്ന് രക്ഷപ്പെടാൻ കാൽനടയാത്രികർ ഉൾപ്പെടെ പെടാപ്പാട് പെടുകയാണ്. ജില്ലയിലെ ഭൂരിഭാഗം റോഡുകളിലും ഇതാണ് സ്ഥിതി. വീതി കുറഞ്ഞ റോഡുകളാണെങ്കിലും വേഗതയ്ക്ക് കുറവൊന്നുമില്ല. വലിയ ഹോൺ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നൽകിയില്ലെങ്കിൽ അപകടമുറപ്പാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ടോറസുകൾ പിന്നിലേക്ക് എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പരാതി.
രാവിലെ 9 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ 5 വരെയുമാണ് നിയന്ത്രണമുള്ളത്. എന്നാൽ ഈ സമയങ്ങളിൽ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനങ്ങളെപ്പോലും കടന്നുപോകാൻ അനുവദിക്കാത്തതരത്തിലായിരുന്നു മുൻ കാലങ്ങളിൽ ടോറസിന്റെ വിളയാട്ടം. നാളെ സ്കൂൾ തുറക്കാനിരിക്കെ രക്ഷകർത്താക്കളും ആശങ്കയിലാണ്.
കുമ്മിൾ, കടയ്ക്കൽ, അടയമൺ പ്രദേശങ്ങളിലെ പാറമടകളിൽ നിന്നും ടോറസുകളിൽ പാറകൊണ്ടു പോകുന്നത് കുറവൻകുഴി-അടയമൺ- തൊളിക്കുഴി റോഡിലൂടെയാണ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡിലൂടെ മാസങ്ങൾക്കകം പാറയുമായി ടോറസ് ഓടി റോഡ് തകർന്നു. അനുവദനീയമായ തോതിലും ഇരട്ടിയാണ് പാറയുമായി ലോറി പോകുന്നത്.