തിരുവനന്തപുരം: കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും താങ്ങാവുകയാണ് പി.എം കെയേഴ്സ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പി.എം കെയേഴ്സ് പദ്ധതിക്കു കീഴിൽ തിരുവനന്തപുരം ജില്ലയിൽ അർഹരായവർക്കുള്ള ആനുകൂല്യ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് നഷ്ടപ്പെട്ടതിന് പകരമാകില്ലെങ്കിലും കുടുംബത്തിന്റെ നാഥനെന് പോലെ പരിരക്ഷ നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമമാണ് ഇവിടെ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 11 കുട്ടികൾ ആനുകൂല്യങ്ങൾ ഏറ്റുവാങ്ങി. ഇതിൽ 8 പേര്‍ 18 വയസിൽ താഴെയുള്ളവരാണ്. പ്രധാനമന്ത്രിയുടെ സന്ദേശമടങ്ങിയ സ്നേഹപത്രം, സാമ്പത്തിക ആനുകൂല്യത്തിനുള്ള പി.എം കെയേഴ്സ് അക്കൗണ്ടിന്റെ പാസ് ബുക്ക്, ആരോഗ്യ പരിരക്ഷയും സൗജന്യ ചികിത്സയുമുറപ്പാക്കാനുള്ള ഹെൽത്ത് കാർഡ്, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. ചടങ്ങിൽ ജില്ലാ കളക്ടർ നവജ്യോത് സിംഗ് ഖോസ പങ്കെടുത്തു.