photo

പാലോട് : ഒരായുസ് മുഴുവൻ എല്ലുമുറിയെ പണിയെടുത്തിട്ടും അന്നന്നത്തെ ആഹാരത്തിന് വകയില്ലാതെ സഹജീവികളുടെ കരുണയ്ക്കായി യാചിക്കുന്ന ഒരുപറ്റം തൊഴിലാളികൾ. കേറിക്കിടക്കാൻ ഒരുതുണ്ട് മണ്ണ് സ്വന്തമായില്ലാതെ ജീവിച്ച് മണ്മറയാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. ഒരുകാലത്ത് തലസ്ഥാന ജില്ലയിലെ പ്രമുഖ തേയിലത്തോട്ടമായിരുന്ന ബ്രൈമൂർ എസ്റ്റേറ്റിൽ നരകജീവിതം നയിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ദയനീയക്കാഴ്ചയാണിത്. തലമുറകൾ ജീവിച്ചൊടുങ്ങിയ മണ്ണിന് പട്ടയം ചോദിക്കാൻ ഇവർക്ക് അവകാശമില്ല. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ക്ഷേമപദ്ധതികളും അന്യം. കാട്ടാനയും കാട്ടുപോത്തും കരടിയും കലിതുള്ളുന്ന മലഞ്ചെരിവുകളിൽ ഏതുനിമിഷവും നിലം പൊത്താവുന്ന ലയങ്ങളിൽ മരണം മുന്നിൽക്കണ്ടുള്ള ജീവിതം. സിൽവർ ലൈനിന്റെയും അതിവേഗ വികസനത്തിന്റെയും വായ്ത്താരികൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറുകയാണ് ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികൾ.

വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ പ്രായാധിക്യത്തിന്റെ പേരിൽ ഇവർക്ക് വേതനം നിഷേധിച്ചു. ഇവിടത്തെ കുട്ടികൾക്കായി അങ്കണവാടിയോ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ ഇല്ല.റേഷനരി വാങ്ങാൻ ഒമ്പത് കി.മീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം.

തൊഴിൽവകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പ് ചെയ്തിട്ടുണ്ടെങ്കിലും 275 മുതൽ 300 രൂപ വരെയാണ് ഇവർക്ക് നൽകിയിരുന്ന വേതനം.കഴിഞ്ഞ നാലു മാസമായി തൊഴിലാളികൾ സമരത്തിലാണ്.

തേയിലയും റബറും സുഗന്ധ വ്യഞ്ജനങ്ങളും കാടുമൂടിയ എസ്റ്റേറ്റിന്റെ നവീകരണത്തിന് ബന്ധപ്പെട്ട അധികാരികൾ യാതൊന്നും ചെയ്തിട്ടില്ല. പ്രൊവിഡൻ ഫണ്ടും ഗ്രാറ്റുവിറ്റിയും ശമ്പളക്കുടിശികയുമടക്കം നൽകാനുള്ള അർഹമായ ആനുകൂല്യങ്ങളും തലചായ്ക്കാൻ സ്വന്തമായി ഒരുപിടി മണ്ണും ലഭിച്ചാൽ എസ്റ്റേറ്റിൽ നിന്ന് ഒഴിഞ്ഞുപോകാൻ തൊഴിലാളികൾ തയാറാണ്. എന്നാൽ, അത്തരമൊരു ക്ഷേമ പാക്കേജിന് രൂപം നൽകി ഫലപ്രാപ്തിയിൽ എത്തിക്കാൻ ആര് മുൻകൈ എടുക്കുമെന്നതാണ് പ്രസക്തമായ ചോദ്യം.

തമിഴ്നാട്ടിൽ നിന്നു എത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ പണിയെടുത്തത്. വിദേശിയായ എഡ്വേഡ് വിൽമൂനിന് ശേഷം നാട്ടുകാർ തോട്ടം ഏറ്റെടുത്തതോടെ പട്ടിണിയുടെ ഗന്ധമാണ് ഇവിടുള്ളത്. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങുകയും ശേഷിക്കുന്നവർ തുച്ഛമായ വരുമാനത്തിലുമാണ് ജോലിയെടുക്കുന്നത്. ഇവിടത്തെ തൊഴിലാളികളിൽ 90 കഴിഞ്ഞ വെള്ളാച്ചിയമ്മയും പേച്ചിയമ്മയുമാണ് ഏറ്റവും പ്രായം ചെന്നവർ. ദൈനംദിന ജീവിതത്തിന് ആവശ്യമായ കൂലിയും തലചായ്ക്കാൻ ഒരുപിടി മണ്ണും വേണമെന്നാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യം.