ആറ്റിങ്ങൽ: ഓഫീസിലെ കൈപ്പിഴ കാരണം വസ്തു ഉടമയ്ക്ക് അധിക പണം അടയ്ക്കേണ്ടി വന്നു. അത് തിരിച്ചു ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ ലക്ഷ്മി വീട്ടിൽ സുനിത മോഹൻദാസിന്. പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനുമടക്കം പരാതി നൽകി കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.
സുനിതയുടെ പേരിലുള്ള 8.9 സെന്റ് നിലം പുരയിടമാക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു. അതനുസരിച്ച് ആർ.ഡി.ഒ ഓഫീസിൽ നിശ്ചയിച്ച തുകയായ 1,24,000 രൂപ ട്രഷറിയിൽ അടച്ചു. എന്നാൽ ഇതിന് ഇത്രയും തുക അടയ്ക്കേണ്ടതില്ലെന്ന് ഇതേക്കുറിച്ച് അറിയുന്ന ഒരാൾ പറഞ്ഞപ്പോഴാണ് രേഖ പരിശോധിച്ചത്. 8.9 സെന്റിന് പകരം 8.9 ആർ വസ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നത്. പിഴവ് തിരുത്തി യഥാർത്ഥത്തിൽ അടയ്ക്കേണ്ട തുക കുറച്ച് ബാക്കി അനുവദിക്കണമെന്ന് കാട്ടി സുനിത ജില്ലാ കളക്ടർ, ആർ.ഡി.ഒ, റവന്യൂ മിനിസ്റ്റർ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. യഥാർത്ഥ തുക കഴിച്ച് 74,200 രൂപയാണ് സുനിതയ്ക്ക് ലഭിക്കേണ്ടത്.
ഉദ്യോഗസ്ഥന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് തെളിഞ്ഞെങ്കിലും തിരിച്ചു നൽകേണ്ട തുക ഏത് അക്കൗണ്ടിൽ നിന്ന് നൽകണമെന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ആർ.ഡി.ഒ ഓഫീസിൽ നിന്ന് അറിയിച്ചത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ് സുനിത.