തിരുവനന്തപുരം:കാലവ‌ർഷ മുന്നറിയിപ്പ് വന്നതോടെ മഴക്കെടുതികൾ നേരിടാൻ ജില്ലയിലെ ഫയർഫോഴ്സ് സജ്ജമായി. പതിനഞ്ച് ഫയർ സ്റ്റേഷനുകളിലായി 600 ഓളം അഗ്നിശമന സേനാംഗങ്ങളും 700 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളുമാണ് മഴക്കെടുതികളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനായി സർവസജ്ജരായി നിൽക്കുന്നത്. ആംബുലൻസുകളും എമർജൻസി ഫയർ ടെന്ററുകളുമുൾപ്പെടെ 70 ഓളം വാഹനങ്ങളും ഏത് അടിയന്തരഘട്ടവും നേരിടാൻ തയ്യാറായി നിൽക്കുന്നുണ്ട്. ജില്ലയിൽ മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരന്തങ്ങളുമുണ്ടായ സ്ഥലങ്ങളിലെല്ലാം അതീവ ജാഗ്രത പുല‌ർത്തിവരികയാണെന്ന് ഫയർഫോഴ്സ് അറിയിച്ചു.വർക്കല,വിതുര,​ബോണക്കാട്,വെള്ളറട,കുരിശുമല,​ വിഴിഞ്ഞം,​ശംഖുംമുഖം,​പെരുമാതുറ,​അടിമലത്തുറ പ്രദേശങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജാഗ്രത പുലർത്താൻ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെളളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്ത് കളയാനും ചില്ലകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയുമുണ്ടാകുന്ന അപകടങ്ങൾ നേരിടാനും സേന സജ്ജമാണ്.വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുള്ള സ്ഥലങ്ങളിൽ റബ്ബർ ഡിങ്കികളും റോപ്പുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം സിദ്ധിച്ച മൾട്ടി ഡിസാസ്റ്റർ റെസ്പോൺസ് ടീമും ജില്ലയ്ക്കുണ്ട്.പരിശീലനം സിദ്ധിച്ച അമ്പത് സേനാംഗങ്ങളാണ് ടീമിലുള്ളത്. ആവശ്യാനുസരണം ഇവരുടെ സേവനം ലഭ്യമാക്കുന്നതിനായി അഞ്ച് മേഖലകളിലായി പത്ത് പേർ വീതം അടങ്ങുന്ന സംഘത്തിന്റെ സേവനം ലഭ്യമാക്കാനാണ് തീരുമാനം.