തിരുവനന്തപുരം: കാലാവർഷമെത്തിയിട്ടും നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. കനത്തമഴയിൽ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് മഴക്കാല പൂർവ ശുചീകരണവുമായി നഗരസഭ രംഗത്തിറങ്ങിയത്. നഗരത്തിലെ ഓടകളും തോടുകളും, മാലിന്യവും ചെളിയും നിറഞ്ഞിരിക്കുന്നതിനാൽ മലിനജലം പുറത്തേക്ക് ഒഴുകുകയാണ് ഇപ്പോൾ. മഴയ്ക്ക് മുൻപേ അവയൊക്കെ വൃത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും നഗരസഭയ്ക്ക് ഇനിയും ഇതൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് മഴക്കാല പൂർവ ശുചീകരണം നടത്താൻ തീരുമാനിച്ചത്. 22 മുതൽ 29 വരെ വാർഡ് അടിസ്ഥാനത്തിൽ വീടും പരിസരവും പൊതുയിടങ്ങളും ശുചിത്വ സ്ക്വാഡുകൾ രൂപീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നഗരസഭ അതിൽ പരാജയപ്പെട്ട അവസ്ഥയാണ്.

നിറഞ്ഞുകവിഞ്ഞ് ഓടകൾ; ഒഴുകിനീങ്ങി മാലിന്യം


കാലവർഷം കണക്കിലെടുത്ത് തോടുകൾ, ഓടകൾ, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്ന ജോലികളാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ നടപ്പാക്കുന്നത്. തോടുകളിലെയും ഓടകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയും പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ഇതിലൂടെ പകർച്ചവ്യാധി സാദ്ധ്യതകൾ അകറ്റുകയുമാണ് പദ്ധതി ലക്ഷ്യം. എന്നാൽ ഇവയൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നാണ് നഗരവാസികൾ പറയുന്നത്. ഓടകളിൽ മലിനജലം കെട്ടിനിൽക്കുന്നതിനാൽ കൊതുക് ശല്യവും വർദ്ധിച്ചു. ചെറിയ മഴ പെയ്താൽ പോലും പലയിടത്തും ഇപ്പോൾ ഓട നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. നഗരസഭാ പരിധിയിൽ ഫോഗിംഗ് ഉൾപ്പെടെ കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും കൊതുക് ശല്യത്തിന് കാര്യമായ കുറവില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതായി അധികൃതർ പറയുമ്പോഴും പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. കാലവർഷം കണക്കിലെടുത്ത് റോഡരികിലും മറ്റും അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും അത് നടപ്പാക്കാൻ അധികൃതർ മടിക്കുകയാണ്.