s

തിരുവനന്തപുരം: പഠനത്തിനൊപ്പം അഭിനയവും ജീവിതവും അഭ്യസിപ്പിച്ച പ്രിയ അദ്ധ്യാപകന്റെ ഓർമ്മദിനത്തിൽ പഴയ കലാലയത്തിന്റെ പടികടന്നെത്തി നടൻ ജഗതി ശ്രീകുമാർ. മാർ ഇവാനിയോസ് കോളേജ് ഹാളിൽ തിങ്ങിനിറഞ്ഞ സദസിനിടയിലൂടെ വീൽ ചെയറിലെത്തിയ ജഗതി, താനും സുഹൃത്ത് രവിവള്ളത്തോളും ചേർന്ന് നാടകങ്ങൾ തകർത്താടിയ വേദിയിൽ സ്ഥാപിച്ച സ്‌ക്രീനിൽ തെളിഞ്ഞ ഗുരുനാഥന്റെ ചിത്രത്തിൽ ഏറെ നേരം നോക്കിനിന്നു.
മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും ആക്ടിംഗ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. ജയിംസ് എം.സ്റ്റുവർട്ടിന്റെ ഓർമ്മദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് ജഗതി എത്തിയത്.
ബോട്ടണി വിദ്യാർത്ഥിയായിരുന്ന ജഗതി ശ്രീകുമാർ അക്കാലത്ത് വേദിയിൽ അവതരിപ്പിച്ച നാടകങ്ങൾക്ക് പിന്നിൽ പ്രൊഫ. ജയിംസ് എം.സ്റ്റുവർട്ടിന്റെ പിന്തുണ ഉണ്ടായിരുന്നു. ജഗതി നായകവേഷത്തിലും രവി വള്ളത്തോൾ സ്ത്രീവേഷത്തിലും അരങ്ങുതകർത്ത നാടകങ്ങളുടെ പ്രേരക ശക്തി സ്റ്റുവർട്ട് സാറായിരുന്നുവെന്ന് സഹപാഠികളിൽ പലരും ഓർത്തെടുത്തു.

വാഹനാപകടത്തിന് ശേഷം പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്ന ജഗതി, അദ്ധ്യാപകന്റെ ഓർമദിനത്തിൽ പങ്കെടുക്കണമെന്ന് മകൻ രാജ്‌കുമാറിനോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഹാളിലേക്കെത്താൻ പ്രത്യേകമായി റാമ്പ് സൗകര്യം ഏർപ്പെടുത്തിയാണ് സഹപാഠികൾ അദ്ദേഹത്തെ ആനയിച്ചത്.
അദ്ധ്യാപകനെക്കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗുരുസ്‌തുതിയുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററിയുടെയും സ്വിച്ച് ഓൺ കർമ്മം ജഗതി ശ്രീകുമാർ നിർവഹിച്ചു.

അനുസ്മരണ ചടങ്ങ് നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ അദ്ധ്യക്ഷനായി. പ്രൊഫ. ജയിംസ് എം.സ്റ്റുവർട്ട് മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. ജാൻസി ജയിംസിന് മലങ്കര സഭയുടെ നിയുക്ത സഹായ മെത്രാൻ മാത്യു മനക്കരകാവിൽ സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
ഡോ.ജോർജ് ഓണക്കൂർ, പോൾ മണലിൽ, ഫാ. വർക്കി ആറ്റുപുറത്ത്,ഫാ. ജോഷ്വാ കുന്നലേത്ത്,എബി ജോർജ്ജ്, പ്രൊഫ. ജയിംസ് എം.സ്റ്റുവർട്ടിന്റെ മകളും കോളേജ് വൈസ് പ്രിൻസിപ്പലുമായ ഷേർളി സ്റ്റുവർട്ട് എന്നിവർ പങ്കെടുത്തു. മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ടു നിരാലംബ കുടുംബത്തിന് സാമ്പത്തിക സഹായവും, രണ്ട് പേർക്ക് വീൽചെയറും വിതരണം ചെയ്തു.പൂർവ വിദ്യാർത്ഥി അനീഷ് ജെ. കരിനാട് സംവിധാനം ചെയ്ത 'ജ്വലിക്കുന്ന ഓർമയായി സ്റ്റുവർട്ട് സാർ' എന്ന ടെലിഫിലിം പ്രദർശിപ്പിച്ചു.