
പാറശാല: തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നും 600 ചാക്കിലേറെ കോഴിത്തീറ്റയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി പാറശാലയിൽ വച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ വെളുപ്പിന് 3.30 ന് ദേശീയപാതയിൽ കാരാളി വളവിലായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഈറോഡ് സ്വാദേശികളായ രണ്ട് ഡ്രൈവർമാരിൽ ഒരാളായ തിരുമൂർത്തി (37)ക്ക് തലയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് പിറകെ വന്ന ലോറിക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് കൂടെയുണ്ടായിരുന്ന രണ്ടാമത്തെ ഡ്രൈവർ ശേഖർ പറയുന്നു. അപകടത്തിൽ റോഡിലെ ഒരു ഇലക്ട്രിക് പോസ്റ്റ് തകരുകയും സമീപത്തെ രണ്ട് കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈറോഡിൽ നിന്നും കൃഷി എന്ന കമ്പനിയുടെ കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവ ഉൾപ്പെടുന്ന ലോഡുമായി ബാലരാമപുരത്തിന് സമീപം ഉച്ചക്കടയിലെ വ്യാപാരിക്കായി കൊണ്ടുപോകുകയായിരുന്ന കമ്പനി വക ലോറിയാണ് അപകടത്തിൽപെട്ടത്. സംഭവം വെളുപ്പിനായതിനാൽ റോഡിൽ ആളില്ലാത്തത് വൻ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് ലോറിയിൽ നിന്ന് പുറത്തേക്ക് പതിച്ച കാലിത്തീറ്റ ഇന്നലെ പെയ്ത ചാറ്റൽമഴയിൽ നനഞ്ഞതിനാൽ ഉപയോഗശൂന്യമായി.