പാറശാല: സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ പിരിച്ചുവിട്ട ആറയൂർ ബാങ്ക് ഭരണ സമിതി കോടതി വിധിയെ തുടർന്ന് വീണ്ടും തിരികെ അധികാരത്തിലേറി. കഴിഞ്ഞ ജൂൺ 21 ന് രണ്ടുകോടി 88 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി എന്ന കാരണത്താൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ബാങ്ക് ഭരണസമിതിയെ അയോഗ്യരാക്കി പിരിച്ചുവിട്ടിരുന്നു. നടപടിക്കെതിരെ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്ന് ബാങ്കിനെതിരെ ഉണ്ടായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണ സമിതി അംഗങ്ങൾ സാമ്പത്തിക അഴിമതിയോ സാമ്പത്തിക തിരിമറിയോ നടത്തിയിട്ടില്ല എന്നും അതുകാരണം ഭരണസമിതി പിരിച്ചുവിട്ട നടപടിയും അംഗങ്ങളെ അയോഗ്യരാക്കിയതും സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അസിസ്റ്റന്റ് രജിസ്ട്രാർ നിയമിച്ചിരുന്ന അഡ്മിനിസ്ട്രേറ്ററുടെ കാലാവധി കോടതിയുടെ മറ്റൊരു ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 25 ന് അവസാനിച്ചിരുന്നു. ഇതിനു ശേഷം ഭരണസമിതിയോ അഡ്മിനിസ്ട്രേറ്ററോ ഇല്ലാത്ത അവസ്ഥയായിരുന്നു. കോടതി ഉത്തരവുപ്രകാരം ചുമതല എടുക്കാൻ വന്ന ഭരണസമിതി അംഗങ്ങൾക്ക് സെക്രട്ടറി മിനുട്‌സ് ബുക്ക് നൽകിയതിനെ തുടർന്നാണ് വീണ്ടും അധികാരമേറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇതിനിടെ ബാങ്ക് പ്രസിഡന്റ് ആർ.വിൻസെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ബാങ്കിന്റെ മിനുട്‌സ് ബുക്ക് പാറശാല സി.ഐ ഏറ്റെടുത്ത് കൈപ്പറ്റു രസീത് നൽകി.