
പാറശാല: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് വഴിയോരത്ത് വെളിച്ചത്തിനായി സ്ഥാപിച്ച പുതിയ ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനത്തിന് മുൻപ് തന്നെ കാറപകടത്തിൽ പെട്ട് തകർന്നു. ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും മദ്ധ്യേ ഏലായ്ക്ക് സമീപം റോഡിനിരുവശത്തുമായി സ്ഥാപിച്ചിരുന്ന ലൈറ്റുകളിൽ ഒന്നാണ് ഇന്നലെ ഉച്ചയ്ക്ക് നിയന്ത്രണം വിട്ട മാരുതി കാർ ഇടിച്ച് തകർന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് ചെറിയ പരിക്കുപറ്റിയതിനെ തുടർന്ന് കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.