photo1

പാലോട്: സ്വന്തമായി ഒരുപിടി മണ്ണെന്ന ചെറ്റച്ചൽ സമരഭൂമിയിലെ 97 വയസുള്ള ജാനകിഅമ്മയുടെ സ്വപ്നം സഫലമാകുന്നു. ചെറ്റച്ചൽ സമരഭൂമിയിലെ 34 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകാൻ സർക്കാർ തീരുമാനമായി. ഇവർ കൈവശം വച്ചിട്ടുള്ള ഭൂമി നൽകാനാണ് വനം, റവന്യൂ വകുപ്പുകളുടെ തീരുമാനം. പട്ടയ വിതരണ നടപടികളുടെ ഭാഗമായി റവന്യൂ, വനം വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ് അധികൃതർ 2021 ഒക്ടോബർ മാസത്തിൽ ചെറ്റച്ചൽ സമരഭൂമിയിലെത്തി സ്ഥലപരിശോധന നടത്തി. പിന്നെ എല്ലാം ഒച്ചിഴയും വേഗത്തിലായി. എന്നാൽ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണിയുടെയും മാദ്ധ്യമങ്ങളുടേയും നിരന്തര ഇടപെടലിനെ തുടർന്നാണ് 34 കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ ഒരു പിടി മണ്ണെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2003 ഏപ്രിൽ 21നാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള തെന്നൂർ വില്ലേജിലെ 28ഏക്കർ സ്ഥലത്ത് കുടിൽ കെട്ടി സമരം ആരംഭിച്ചത്. 19 വർഷമായി സമരം നടത്തുന്ന ഇവർക്ക് സ്വന്തം ഭൂമിയെന്ന ആവശ്യം നിറവേറ്റാനായതിലുള്ള സന്തോഷത്തിലാണ്. വൈദ്യുതി ലഭിക്കാത്ത പ്രാഥമിക സൗകര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട 38 കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടിയിട്ടുള്ളത്. ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന സെക്രട്ടറിയായി ബി. വിദ്യാധരൻ കാണി തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം വട്ടമാണ്.