
തിരുവനന്തപുരം: കൊവിഡ് നഷ്ടപ്പെടുത്തിയ രണ്ടു വർഷങ്ങൾക്കുശേഷം പഴയ പ്രതാപത്തോടെ സ്കൂളുകളിൽ പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കം. ഒന്നാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള ക്ളാസുകളാണ് ഇന്നാരംഭിക്കുന്നത്. എസ്.എസ്.എൽ.സി ഫലം വരാത്തതിനാൽ പ്ളസ് വൺ ക്ളാസ് തുടങ്ങാനാവില്ല. നാലു ലക്ഷം നവാഗതരാണ് ഒന്നാം ക്ളാസിലെത്തുന്നത്.
പ്രവേശനോത്സവത്തിൽ സമ്മാനപ്പൊതികളും മധുരവും ബാഗും കുടയും പാട്ടും നൃത്തവുമൊക്കെയായി എല്ലാ ക്ളാസുകാരെയും വരവേൽക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻ ബാബു, റസൂൽ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, വാർഡ് കൗൺസിലർ എൽ.എസ്. കവിത, സ്കൂൾ പ്രിൻസിപ്പൽ ഐ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
പ്രവേശനോത്സവം നടക്കുന്ന സ്കൂളുകൾ - 12986
ഇന്ന് ക്ളാസുകളിലെത്തുന്ന വിദ്യാർത്ഥികൾ- 42, 90,000
ഒന്നാം ക്ളാസിലെത്തുന്നവർ - 4,00,000
തിരുവനന്തപുരത്ത് ഒന്നാം
ക്ളാസിലെത്തുന്നവർ- 24,500