
കാട്ടാക്കട: വിരമിക്കലിന് സഹപ്രവർത്തകർ നൽകിയ സ്നേഹസമ്മാനം നിർദ്ധന രോഗികൾക്ക് നൽകി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. നെയ്യാർ ഡാം ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി ഇന്ന് വിരമിക്കുന്ന നെയ്യാർ ഡാം ജി.എൽ കോട്ടേജിൽ കെ.എസ്. പ്രതാപകുമാറാണ്, നെയ്യാർ ഡാം ഫയർഫോഴ്സ് റിക്രിയേഷൻ ക്ലബിലെ സഹപ്രവർത്തകർ സ്വരൂപിച്ച് തനിക്ക് നൽകിയ തുക നിർദ്ധന രോഗികൾക്കായി കൈമാറിയത്.
ഇദ്ദേഹം ജോലി ചെയ്യുന്ന പരിധിയിലെ കള്ളിക്കാട്, നെയ്യാർ ഡാം,പെരുംകുളങ്ങര, മൈലക്കര വാർഡുകളിലെ നാല് നിർദ്ധന രോഗികൾക്കായി വാർഡുകൾ പ്രതിനിധീകരിക്കുന്ന കല, വനിതാ,ബിന്ദു വി.രാജേഷ്,അനില എന്നീ ഗ്രാമപഞ്ചായത്തംഗങ്ങൾക്ക് റിട്ടേയർമെന്റ് ചടങ്ങിൽ വച്ച് തുക കൈമാറി.
സ്വർണ മോതിരം നൽകാനിരുന്ന സഹപ്രവർത്തകരോട്, പ്രതാപ് കുമാർ തന്റെ ആഗ്രഹം പങ്കുവച്ചതോടെയാണ് സേന ഒന്നാകെ ഇദ്ദേഹത്തിന്റെ ആഗ്രഹത്തിന് ഒപ്പം കൂടുകയായിരുന്നു. സേനയിൽ അംഗമായ പ്രതാപകുമാറിന്റെ ഈ സൽപ്രവൃത്തി സേനയ്ക്ക് അഭിമാന നിമിഷമെന്ന് ഡി.എഫ്.ഒ സൂരജ് പറഞ്ഞു. ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും ക്ലബ് ഒരുക്കിയിരുന്നു.
അവിവാഹിതനായ പ്രതാപ് കുമാർ മാതാപിതാക്കൾ, സഹോദരി, അനന്തിരവൻ എന്നിവർക്കൊപ്പമാണ് കഴിയുന്നത്. മറ്റൊരു സഹോദരി നെയ്യാർ ഡാം പമ്പ് ഹൗസിന് സമീപം കുടുംബമായി കഴിയുന്നു. പ്രതാപകുമാറിന്റെ 42-ാം വയസിലായിരുന്നു അമ്മയുടെ മരണം. ഈ സമയം വിവാഹാലോചനകൾ നടക്കുകയായിരുന്നു. അമ്മയ്ക്ക് കാണാൻ കഴിയാത്ത വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു പിന്നീട് ഇദ്ദേഹം.
ചടങ്ങിൽ ഡി.എഫ്.ഒ സൂരജ്, റീജിയണൽ ഫയർഫോഴ്‌സ് ഓഫീസർ ദിലീപ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, റിക്രിയേഷൻ ക്ലബ് സെക്രട്ടറി അരവിന്ദ് എന്നിവർ സംസാരിച്ചു.