
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമായ 'സിസ്‌പേസി" ൽ പ്രദർശിപ്പിക്കാനുള്ള സിനിമകളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) വെബ്സൈറ്റിൽ (http://www.ksfdc.in/) നൽകിയ ലിങ്കിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഇക്കഴിഞ്ഞ 18ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്‌തത്. ഇഷ്‌ടാനുസരണം സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ആസ്വദിക്കാവുന്ന സംരംഭത്തിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. ലാഭവിഹിതം പങ്കുവയ്‌ക്കലും സുതാര്യതയും അത്യാധുനിക സാങ്കേതിക മികവുമാണ് സിസ്‌പേസിന്റെ പ്രത്യേകത. ബോക്സോഫീസിലെ പ്രകടനത്തിനതീതമായി കലാമൂല്യമുള്ളതും രാജ്യാന്തര അംഗീകാരം നേടിയതും ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സിസ്‌പേസിൽ പ്രദർശിപ്പിക്കും.