maranalloor

മലയിൻകീഴ്: കടി‌ഞ്ഞൂൽ പ്രസവത്തിൽ ജനിച്ച മൂവർ സംഘം ഒരുമിച്ച് സ്കൂളിലേക്കും. മാറനല്ലൂർ അരുവിക്കര വടക്കേവിള ചിത്രാലയത്തിൽ രതീഷ് - ചിത്ര ദമ്പതികളുടെ കടിഞ്ഞൂൽ കൺമണികളായ ആത്മീക,ആത്മീയ,അത്ഥർവ് ദേവ് എന്നിവരാണ് ഇന്ന് ഒരുമിച്ച് സ്കൂളിലേക്ക് പോകുന്നത്. വീടിനടുത്തുള്ള സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിലേക്കാണ് പ്രവേശനം നേടിയിരിക്കുന്നത്.

കൊവിഡ് കാലത്ത് നഴ്‌സറി പഠനം ഓൺലൈനിലായിരുന്നു. മൊബൈലിലൂടെ കണ്ട കൂട്ടുകാരെ ഇനി നേരിൽ കാണാമല്ലോ എന്ന സന്തോഷവുമുണ്ട് മൂന്ന് പേർക്കും.

വീട്ടിൽ ശ്രീകുട്ടനായ അത്ഥർവ് കുസൃതിയും വാശിക്കാരനുമാണെങ്കിലും പുറത്തേക്കിറങ്ങിയാൽ കുഞ്ഞാറ്റയുടെയും കാർത്തുവിന്റെയും വല്യേട്ടനാകും. മൂന്ന് പേർക്കും ബാഗുൾപ്പെടെ എല്ലാം വാങ്ങിക്കഴിഞ്ഞു. ഓൺലൈനിൽ പഠിച്ച അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചു നോക്കി. ഇക്കഴിഞ്ഞ മാർച്ച് 18നായിരുന്നു മൂന്ന് പേരുടെയും ആറാം പിറന്നാൾ. സൈനികനായ രതീഷ് മക്കളെ ഒന്നാം ക്ലാസിൽ അഡ്മിഷനെടുക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്.