കൽപ്പറ്റ: ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ കയറി പിടിച്ചെന്ന പരാതിയിൽ മന്ത്രവാദ ചികിത്സകനെതിരെ പൊലീസ് കേസെടുത്തു. കോട്ടത്തറ അരമ്പറ്റക്കുന്ന് വൈപ്പിടി കാടവീട്ടിൽ മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മാതാവിനൊപ്പമെത്തിയ യുവതിയെ ആത്മീയ ചികിത്സയുടെ പേരിൽ പച്ചനിറമുള്ള വസ്ത്രം പുതപ്പിച്ചശേഷം പീഡനത്തിന് ശ്രമിക്കുകയായിരുന്നു. മാതാവിനെ മുറിക്ക് പുറത്ത് ഇരുത്തിയ ശേഷമായിരുന്നു ഇത്. 20കാരിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹകീം കെ.എം മുഹമ്മദ് ശാഫി ബാഖവി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. വാസ്തു ശാസ്ത്ര നിരീക്ഷകൻ, അറബിക് ആസ്‌ട്രോളജർ, പാരമ്പര്യ ആയുർവേദ ചികിത്സകൻ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ നൽകുന്നതായാണ് ഇയാൾ അവകാശപ്പെടുന്നത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.