6
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഇന്നലെ അനുഭവപ്പെട്ട ജനതിരക്ക്

കൽപ്പറ്റ:കേരളത്തിന്റെ ചരിത്രമുഹൂർത്തങ്ങൾ കോർത്തിണക്കിയ മെഗാ പ്രദർശന വിപണനമേളയിൽ കാഴ്ചകൾ കാണാനും പങ്കാളികളാകാനും ആദ്യദിവസമെത്തിയത് ആയിരത്തിലധികമാളുകൾ. മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റ എസ്. കെ. എം. ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ മെഗാ പ്രദർശന, വിപണനമേള ആളുകളിൽ കൗതുകത്തിന്റെ മറ്റൊരനുഭവമാകുന്നു. വയനാടൻ പൈതൃകവും,സംസ്‌കാരവും ഓർമിപ്പിക്കുന്ന ടൂറിസം അനുഭവങ്ങളിലൂടെ ആളുകൾ നടന്നെത്തുന്നത് സമരങ്ങളും, ചരിത്ര സംഭവങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കോർത്തിണക്കിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രദർശന നഗരിയിലേക്ക്. കെ.റെയിലും, തുരങ്കപാതയും, ദേശീയ പാത വികസനവുമെല്ലാം ഓഗ്‌മെന്റ്ഡ് റിയാലിറ്റിയിൽ നിറഞ്ഞു നിൽക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും പുത്തനനുഭവം നൽകുന്നു. കേരള കലകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കലാകേരളവും, പഴയകാല ഉപകരണങ്ങളും വാസ്തു മാതൃകയും പരിചയപ്പെടുത്തുന്ന കേരളപ്പഴമയും, ഇ എം എസ് മുതൽ പിണറായി വരെയുള്ള കേരള മുഖ്യ മന്ത്രിമാരെ പരിചയപ്പെടുത്തുന്ന നാടിനെ നയിച്ച നായകർ എന്നീ സ്റ്റാളുകൾ കാഴ്ചകാരെ ആഘർഷിക്കുന്നു. സർക്കാർ വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പ്രദർശനം,ഭക്ഷ്യ മേള,ഒപ്പം വിവിധ ഉത്പന്നങ്ങളുടെ വിപണനവും ഒരു കുടക്കീഴിൽ സാധ്യമാകുന്നത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. മെയ് 7 നാരംഭിച്ച മെഗാ പ്രദർശന വിപണന മേള മേയ് 13 ന് സമാപിക്കും.