പുൽപ്പള്ളി: അഭിഭാഷകനായ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ എം.വി ടോമി (56) ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവം വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. 10 വർഷം മുമ്പ് 12 ലക്ഷം രൂപ വായ്പ എടുത്തത് പലിശയും പിഴപ്പലിശയുമായി 30 ലക്ഷം രൂപയായി ഉയരുകയായിരുന്നു. കടബാധ്യത അടച്ച് തീർക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു ടോമി എന്ന് ബന്ധുക്കൾ പറഞ്ഞു. കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പുൽപ്പള്ളിയിലെ ബാങ്ക് ശാഖയിൽ എത്തിക്കുമെന്ന് എഫ് ആർ എഫ് അറിയിച്ചു. ബാങ്ക് അധികൃതരുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ സമരം സംഘടിപ്പിക്കുമെന്നും ബാങ്ക് തുറക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
അഭിഭാഷകൻ ആത്മഹത്യചെയ്ത സംഭവത്തെ തുടർന്ന് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ബാങ്കിന് അകത്തും പുറത്തും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. ബാങ്കിന് മുമ്പിൽ ശക്തമായ സമരങ്ങൾ നടത്തുമെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.