മാനന്തവാടി: അവശനിലയിൽ എത്തിച്ച ആദിവാസി വയോധികയെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ചതായി പരാതി. ബേഗൂർ കൊല്ലിമൂല കോളനിയിലെ 65 വയസ്സ് പ്രായമുള്ള കെമ്പിയെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ അമ്മയെ രണ്ടുമണിക്കൂറിനു ശേഷം പറഞ്ഞയക്കുകയായിരുന്നെന്ന് കെമ്പിയുടെ മകന്റെ ഭാര്യ സുമ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ ആംബുലൻസിലാണ് ഇവർ തിരികെ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കെമ്പി. കാട്ടിക്കുളം ടി.ഇ.ഒ. യും ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും ഇടപെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ഇന്നലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതുസംബന്ധിച്ച് കെമ്പിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന പറഞ്ഞു.