mali
വയനാട് ചുരത്തിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

വൈത്തിരി: വിനോദ സഞ്ചാരികൾ ഉൾപ്പെടെ യാത്രക്കാർ പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാൻ തുടങ്ങിയതോടെ വയനാട് ചുരത്തിൽ മാലിന്യം കുന്നുകൂടുന്നു. ഒമ്പതാം വളവിൽ വ്യു പോയിന്റിന് സമീപം റോഡിൽ നിറയെ മാലിന്യമാണ്. ഇവിടെ വാഹന പാർക്കിംഗും കച്ചവടവും നിരോധിച്ചിട്ടും ഒരു പ്രയോജനവുമില്ല. നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. കച്ചവടവും തകൃതിയാണ്. റോഡിന് ഇരുവശവും ഭക്ഷണാവശിഷ്ടങ്ങളും ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, വെള്ളക്കുപ്പികൾ തുടങ്ങിയവ പരന്നുകിടക്കുകയാണ്. യാത്രക്കാരുടെ കുപ്പത്തൊട്ടിയായി ചുരം മാറുന്നതായാണ് ആക്ഷേപം. വിദേശ സഞ്ചാരിയുടെ സോഷ്യൽ മീഡിയ ആരോപണത്തെ തുടർന്ന് ചുരത്തിലെ മാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിച്ചെങ്കിലും വീണ്ടും മാലിന്യത്തിൽ മുങ്ങുകയാണ് ചുരം.