puzha
ചൂരൽമല പുഴയിൽ നിന്ന് വാരിയെടുത്ത മണ്ണും എക്കലും പുഴയോരത്ത് തന്നെ കൂട്ടിയിട്ട നിലയിൽ

സാങ്കേതിക തടസംനിരത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

25നകം പൂർത്തിയാക്കണമെന്ന് കളക്ടറുടെ ഉത്തരവ്

മേപ്പാടി: ജില്ലയിലെ മഴക്കാല പൂർവ പ്രളയ നിവാരണ പ്രവൃത്തികൾ പാതിവഴിയിൽ. കാലവർഷം തുടങ്ങാൻ രണ്ടാഴ്ച മാത്രമുള്ളപ്പോഴും സാങ്കേതിക തടസം നിരത്തി തദ്ദേശഭരണ സ്ഥാപനങ്ങൾ ഉഴപ്പുന്നത് ആശങ്ക ഉയർത്തുന്നു.

ഈ മാസം 25നകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. 2018, 19 വർഷങ്ങളിൽ ജില്ലയിലുണ്ടായ പ്രളയത്തിന്റെ ആവർത്തനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂർവ പ്രളയ നിവാരണത്തിന് തുടക്കമിട്ടത്. കഴിഞ്ഞ മാസം അവസാനമാണ് തോടുകളും പുഴകളും ശുചീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കാലാവധി ഈ മാസം 25 വരെ നീട്ടിയത്. എന്നാൽ ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടുപോലുമില്ല.

2019ൽ പ്രളയവും ഉരുൾപൊട്ടലുമുണ്ടായ വെള്ളരിമല വില്ലേജിൽ മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയ നിവാരണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും ചൂരൽമല പുഴയുടെ കുറഞ്ഞ ഭാഗത്തെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. പുഴ ശുചീകരണം പൂർണമാവണമെങ്കിൽ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പുഴയിൽ നിന്ന് വാരിയെടുക്കുന്ന മണ്ണും എക്കലുമെല്ലാം പുഴയുടെ ഓരത്ത് തന്നെ കൂട്ടിയിടുകയാണ്. ഇത് മഴ ആരംഭിക്കുന്നതോടെ പുഴയിലേക്ക് തന്നെ അടിഞ്ഞുകൂടുമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവ പൂർണമായും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.