സുൽത്താൻ ബത്തേരി: സർഫാസി വിരുദ്ധ ജില്ലയായി കർഷക സംഘടനകൾ പ്രഖ്യാപിച്ച വയനാട് ജില്ലയിൽ ജപ്തി നടപടികൾ നടത്താൻ അനുവദിക്കുകയില്ലെന്ന് കർഷക സംഘടനകൾ. ഫാർമേഴ്സ് റിലീഫ് ഫോറമാണ് ജപ്തി നടപടികൾക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. ജപ്തി നടപടിയുടെ പേരിൽ ഒരു കർഷകന്റെയും വീടും കിടപ്പാടവും പിടിച്ചെടുക്കാൻ അനുവദിക്കുകയില്ലെന്നാണ് എഫ്.ആർ.എഫിന്റെ നിലപാട്.
പ്രളയവും കാർഷിക വിളകളുടെ വിലയില്ലായ്മയും കാലാവസ്ഥ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കിയത്. കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തിയാണ് കർഷകർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്തിട്ടുള്ള വായ്പാ തുകകൾ അടച്ചുവരുന്നത്. വിലയില്ലായ്മയും കൃഷിനാശവും കർഷകരെ ചതിച്ചു. ജപ്തി നടപടികളുമായി മുന്നിട്ടിറങ്ങുന്ന ധനകാര്യ സ്ഥാപനങ്ങൾ കർഷകർ കൃഷി ചെയ്ത ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വാങ്ങി പ്രസ്തുക തുക വായ്പാ അടവിലേക്ക് വസൂലാക്കണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ആവശ്യപ്പെട്ടു.