മുതിരേരി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങാണ് മുതിരേരി ശിവക്ഷേത്രത്തിൽ നിന്നുള്ള വാളെഴുന്നള്ളത്ത്. ചക്കയും പഴവുമാണ് ഇവിടുത്തെ പ്രസാദം. കൊട്ടിയൂരിലേക്ക് വാൾ കൊണ്ടുപോയശേഷം നിവേദ്യമായി സമർപ്പിച്ച ചക്കയും പഴവുമാണ് വിശ്വാസികൾക്ക് പ്രസാദമായി നൽകുന്നത്. ഇതിനായി വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും വാൾ എഴുന്നള്ളത്ത് ചടങ്ങുകൾ മാത്രമായതിനാൽ ഭക്ത ജനങ്ങൾ എത്തിയിരുന്നില്ല. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പോയതോടെ വാൾ എഴുന്നള്ളത്തിന് നൂറ് കണക്കിന് ഭക്തരാണ് എത്തിയത്. ഇന്നലെ ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മൂഴിയോട്ടില്ലം സുരേന്ദ്രൻ നമ്പൂതിരി, എടയാർ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. വാളെഴുന്നള്ളത്തുമായി ക്ഷേത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് ട്രസ്റ്റി ബോർഡ് ചെയർമാൻ നെല്ലിക്കൽ ചന്ദ്രശേഖരൻ, മുതിരേരി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കുട്ടൻ കുറുപ്പൻ പറമ്പിൽ, സെക്രട്ടറി വിദ്യ വിനോദ് മുടപ്ലാവിൽ, സുരേഷ് മലമൂല, ഹരിനാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൂത്തുപറമ്പ് എടയാർ മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ് വൈകിട്ട് 4.15 ഓടെ വാളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷം സുരേഷ് നമ്പൂതിരി ദേഹശുദ്ധി വരുത്തി ശിവലിംഗം മൂടാനുള്ള തുളസിലകൾ തീർത്ഥം തളിച്ച് ശുദ്ധമാക്കി. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവഭഗവാനും ഉപദേവതമാരായ ഭഗവതിക്കും അയ്യപ്പനും നിവേദ്യം സമർപ്പിച്ചു. തുളസിയിലമൂടിയ ബിംബത്തിൽ നിന്ന് വാൾ വലിച്ചെടുത്ത് ഒറ്റത്തവണ ക്ഷേത്രത്തിനു വലംവെച്ചശേഷം വാളുമായി അതിവേഗം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇതിനുശേഷം ആദിവാസി മൂപ്പൻ മുള്ളുവേലി കൊണ്ട് ക്ഷേത്രം അടച്ചു. ഇനി കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനു ശേഷം ചിത്ര നാളിൽ വാൾ തിരിച്ചെത്തിക്കും വരെ ക്ഷേത്രം അടച്ചിടും. ചോതി നാളിലെ 'പഷ്ണി'യും കഴിഞ്ഞ് വിശാഖം നാളിലാണ് വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവുക.