മാനന്തവാടി: എടവക പഞ്ചായത്തിലെ ആറാം വാർഡിൽ പെടുന്ന പായോട് അഗ്രഹാരം നോർത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വർഷങ്ങളായി പുഴയോരത്ത് നോക്കുകുത്തിയായി നിൽക്കുകയാണ്. പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പൈപ്പുകൾ തുരുമ്പെടുത്ത് ദ്വാരങ്ങൾ വീണിട്ടുണ്ട്. പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം മണ്ണിടിച്ചിന്റെ ഭീഷണിയിലുമാണ്.
പുഴയുടെ ഒരു ഭാഗം കെട്ടിവരുമ്പോൾ മറുഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മഴ കനക്കുകയും പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയും ചെയ്യുമ്പോൾ ഏതു നിമിഷവും ഇടിഞ്ഞു വീഴാമെന്ന നിലയിലാണ് പമ്പ് ഹൗസ്.
തടയണയുടെ പേരിൽ ഇപ്പോൾത്തന്നെ ലക്ഷങ്ങൾ മുടക്കിയിട്ടുണ്ട്. എന്നാൽ പമ്പ് ഹൗസ് നിൽക്കുന്ന വശം മുഴുവൻ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നത് സമീപത്തു കൂടി പോകുന്ന റോഡിനെയും അമ്പലത്തെയും അപകട ഭീഷണിയിലാക്കുകയാണ്.
ഇതൊന്നും ഗൗനിക്കാത്ത അധികൃതരുടെ മെല്ലെപ്പോക്കിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതഷേധം ഉയരുന്നുണ്ട്.
പമ്പ് ഹൗസും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചതിനു ശേഷം ഏതാനും വർഷത്തേക്ക് മാത്രമേ ഇത് നാട്ടുകാർക്ക് ഉപയോഗപ്പെട്ടുള്ളൂ. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച പമ്പ് ഹൗസും മോട്ടറും ഇരുമ്പു പൈപ്പുകളും നശിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയരുന്ന തരത്തിലാണ് പരിസരം. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ മഴ ശക്തിയാവുന്നതോടെ വലിയൊരു ദുരന്തത്തെയാവും നേരിടേണ്ടിവരിക.