വെള്ളമുണ്ട: വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് വാഹനങ്ങൾക്കും കടമുറിക്കും തട്ടുകടയ്ക്കും കേടുപാടുകൾ സംഭവിച്ചു.
വ്യാഴാഴ്ച രാത്രിയിൽ വെള്ളമുണ്ടയിൽ പൊലീസ് വാഹനപരിശോധനയ്ക്കിടെയാണ് കെഎൽ 01 എപി 0344 നമ്പർ ഹോണ്ട സ്‌പോർട്സ് കാറിന് പൊലീസ് കൈകാണിച്ചത്. എന്നാൽ വാഹനം നിർത്താതെ പോയി. തുടർന്ന് വാഹനത്തെ പിന്തുർന്ന പൊലീസ് തരുവണ ഏഴാംമൈലിൽവെച്ച് കാർ ഒതുക്കി നിർത്താനാവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് വക വെക്കാതെ വേഗതകൂട്ടി മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിനും റോഡരികിൽ എതിർദിശയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനും ഇടിക്കുകയായിരുന്നു.
രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
എതിർവശത്തെ കടവരാന്തയിലുണ്ടായിരുന്ന തട്ടുകടവണ്ടിയിലും കടവരാന്തയിലും ടെലിഫോൺപോസ്റ്റിനും നിയന്ത്രണം വിട്ട കാർ തട്ടി.
പൊലീസ് പരിശോധനയിൽ കാറിലുണ്ടായിരുന്നവർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തു. വടകര സ്വദേശികളായ ചമതക്കുനിയിൽ വിശിഷ്ട(18), കൃഷ്ണകാവ്യം വീട്ടിൽ കൃഷ്ണരാജ്(18), രയരോത്ത് താഴേക്കുനി സച്ചിൻ(23), ലക്ഷ്മിനിവാസിൽ ഔദത്ത്(18) എന്നിവർക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വിവിധവകുപ്പുകൾ പ്രകാരം കേസെടുത്തത്.