മാനന്തവാടി: മാനന്തവാടിയിൽ ഒരു ഭാഗത്ത് നഗരം മാലിന്യമുക്തമാക്കുമ്പോൾ മാലിന്യം തള്ളി മറ്റൊരു കൂട്ടർ. ചങ്ങാടക്കടവ് പുഴയോരത്ത് മാലിന്യം നിക്ഷേപിച്ച ടാങ്കർ ലോറി പൊലീസ് പിടികൂടി രണ്ട് പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയുടെ മറവിൽ മാനന്തവാടി ചങ്ങാടക്കടവ് പുഴയരികിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി ടാങ്കർ ലോറി കസ്റ്റഡിയിൽ എടുക്കുകയും ഉത്തരവാദികളായ രണ്ട് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
കെ.എൽ.53 ഡി 479 നമ്പർ ടാങ്കർ ലോറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മഞ്ചേരി സ്വദേശി ചേന്നുകുഴിയിൽ സെയ്ഫുദീൻ (33), മണ്ണാർക്കാട് മുളയൻകായിൽ സൈനുൽ ആബിദ് (32) എന്നിവർക്കെതിരെയാണ് കേസ്.
മാനന്തവാടി എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ സൈനുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർ വി.കെ.രംജിത്ത് തുടങ്ങിയവരാണ് ടാങ്കർ ലോറി കസ്റ്റഡിയിൽ എടുത്തത്.