കല്ലോടി: എടവക ഗ്രാമ പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ജലാശയ ജൈവ വൈവിദ്ധ്യ പാർക്കും പക്ഷി സങ്കേതവും നടപ്പിലാക്കുന്നു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സാമ്പത്തിക സഹായവും വികസന പദ്ധതി തുകയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുകയും ഉൾപ്പെടുത്തിക്കൊണ്ട് അയിലമൂലയിൽ ആരംഭിക്കുന്ന പാർക്കിന്റെയും പക്ഷി സങ്കേതത്തിന്റെയും പ്രവൃത്തി പുരോഗമിച്ചു വരികയാണ്.
കുസാറ്റ് സർവ്വകലാശാലയിൽ നാനോ സയന്റിസ്റ്റായിരുന്ന ഡോ.ജോസഫ് മക്കോളിൽ അഞ്ചു വർഷത്തേക്ക് സൗജന്യമായി എടവക ഗ്രാമ പഞ്ചായത്തിന് വിട്ടുനൽകിയ രണ്ടരയേക്കർ ഭൂമിയിലാണ് പാർക്ക് ഒരുങ്ങുന്നത്.
വംശനാശം സംഭവിക്കുന്ന തനത് മത്സ്യയിനങ്ങളെ കണ്ടെത്തി പാർക്കിൽ തയ്യാറാക്കിയ കുളങ്ങളിൽ സംരക്ഷിക്കുക, ശലഭോദ്യാനം, മിയാവാക്കി വനനിർമാണം, ഔഷധ സസ്യോദ്യാനം, ജൈവ വൈവിദ്ധ്യ മ്യൂസിയം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് അയിലമൂല ചൊവ്വ റോഡരികിലായി പാർക്കിന്റെ നിർമാണം.
അയിലമൂല അങ്ങാടിയോട് ചേർന്ന് വന സമാനമായ രണ്ടരയേക്കർ സ്ഥലത്താണ് പക്ഷി സങ്കേതം വികസിപ്പിക്കുന്നത്. പക്ഷി നിരീക്ഷകനും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് ജന്തുവിഭാഗം തലവനുമായിരുന്ന ഡോ.പി.യു.ആന്റണിയാണ് പക്ഷി സങ്കേതത്തിനാവശ്യമായ രണ്ടരയേക്കർ സ്ഥലം അഞ്ചു വർഷത്തേക്ക് പഞ്ചായത്തിന് വിട്ടു നൽകിയത്.
പക്ഷികളെ ആകർഷി ക്കുന്ന ഫലവൃക്ഷചെടികൾ നട്ടു വളർത്തുക, ജലപക്ഷികൾക്കാവശ്യമായ ജലാശയങ്ങൾ നിർമിക്കുക, സന്ദർശകർക്കുള്ള വാക്ക് വേ, വാച്ച് ടവർ, ഇരിപ്പിടങ്ങൾ എന്നിവയാണ് പക്ഷി സങ്കേതത്തിൽ ഒരുക്കുക.
തനത് നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് മത്സ്യക്കുളങ്ങളിൽ നാടൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശലഭോദ്യാനത്തലേക്കാവശ്യമായ സസ്യങ്ങളുടെ നടീൽ കർമം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് നിർവ്വഹിച്ചു. ഒരപ്പ് നാട്ടറിവ് കേന്ദ്രവുമായി സഹകരിച്ച് ഭക്ഷ്യ വൈവിദ്ധ്യ മേളയും ജൈവ വൈവിദ്ധ്യ പ്രദർശനവും സംഘടിപ്പിച്ചു.