ആലപ്പുഴ: മഴക്കെടുതിയിലും കുടിവെള്ളം കിട്ടാക്കനിയായി കൃഷ്ണൻചിറ പ്രദേശം. പുറക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ കൃഷ്ണൻ ചിറപ്രദേശത്തെ 150 കുടുംബങ്ങൾ കഴിഞ്ഞ മൂന്ന് ആഴ്ചയായി കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കയർ,കർഷക, ഉൾനാടൻ മത്സ്യതൊഴിലാളികൾ പാർക്കുന്ന പ്രദേശത്ത് വെള്ളമെത്തിക്കുന്നതിന് വാട്ടർ അതോറിട്ടിക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ട് ഒരു നടപടിയും

സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊട്ടാരവളവ്-കൃഷ്ണൻചിറ റോഡിന്റെ ഇരുവശത്തുമുള്ള കുടുംബങ്ങൾക്കാണ് കുടിവെള്ളം മുടങ്ങിയത്. തോട്ടപ്പള്ളി സൗത്ത് പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് ഈ ഭാഗത്ത് പൊതുടാപ്പുകളിലും ഹൗസ് കണഷനുകളിലും എത്തിയിരുന്നത്. പ്രദേശത്ത് വെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്തിനും ജലഅതോറട്ടറിക്കും നിവേദനം നൽകി . കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്നാം തവണയാണ് കുടിവെള്ളം മുടങ്ങിയത്. വേനൽക്കാലം മാറി മഴക്കാലം എത്തിയെങ്കിലും പ്രദേശത്ത് ഒരു തുള്ളി വെള്ളം പോലും പൈപ്പുകളിൽ എത്തുന്നില്ല. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് കൃഷ്ണൻചിറ നിവാസികൾ. വെള്ളം എത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. വിഷയത്തിൽ പുറക്കാട് പഞ്ചായത്ത് ഭരണസമിതി ഇടപെടാത്തതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. പ്രദേശവാസികൾ ഇപ്പോൾ കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകുന്നതിന് പോലും പൈസ കൊടുത്താണ് വെള്ളം വാങ്ങുന്നത്.

........

"തോട്ടപ്പള്ളി സൗത്ത് പമ്പ്ഹൗസിൽ നിന്ന് പ്രദേശത്ത് വെള്ളം എത്തുന്നത്. തോടുകൾക്ക് കുറുകെ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് പരിശോധിക്കാൻ ജലഅതോറട്ടറി തയ്യാറാകണം. കൃഷ്ണൻചിറ ഭാഗത്ത് കുഴൽകിണർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.

സുനിൽകുമാർ, പൊതുപ്രവർത്തകൻ, തോട്ടപ്പള്ളി

'മൂന്നാഴ്ചയായി സ്വകാര്യ ആർ.ഒ പ്ലാന്റിൽ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം വാങ്ങുകയാണ്. ഇത്രയും തുക കൊടുത്ത് വെള്ളം വാങ്ങാനുള്ള കഴിവ് പല കുടുംബങ്ങൾക്കും ഇല്ല. സാധാരണക്കാരാണ് ഈ പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും.

ജയ, പ്രദേശവാസി

" തോട്ടപ്പളളി കൃഷ്ണൻ ചിറ പ്രേദശത്ത് കുടിവെള്ളത്തിനു വേണ്ടി പ്രദേശവാസികൾ നെട്ടോട്ടം ഓടുകയാണ്. പുറക്കാട് പഞ്ചായത്ത് അധികാരികളേയും, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരേയും സമീപിച്ചിട്ടും യാതൊരു പ്രയോജനവും നാളിതു വരെ ഉണ്ടായിട്ടില്ല .കുടിവെള്ളം കിട്ടുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരം നടത്തും.

എം.എച്ച്.വിജയൻ, മുൻ പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത്