ph
ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ

കായംകുളം: സംസ്ഥാനത്ത് ടെക്സ്റ്റെൽ മേഖല പ്രതിസന്ധികളെ നേരിടുമ്പോഴും തലയെടുപ്പോടെ കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ. ഗുണമേന്മ, ഉത്പാദന ക്ഷമത, വിദേശ വിപണി തുടങ്ങിയവയിലെ നേട്ടമാണ് സ്ഥാപനത്തിന്റെ വിജയ രഹസ്യം. മില്ലിന് അടുത്തിടെ വ്യവസായ വകുപ്പിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സ്പിന്നിംഗ് മിൽ കൈവരിച്ച നേട്ടങ്ങൾക്കാണ് അഭിനന്ദനം ലഭിച്ചത്. 2020-21 സാമ്പത്തിക വർഷം 17 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനം 2021-22 ൽ 38.5 കോടി രൂപയായി ഉയർന്നു. കൂടാതെ 2021 ഏപ്രിൽ മാസം മുതൽ നൂൽ വിദേശവിപണിയിലേക്ക് കയറ്റിയറ്റുമതിയും ആരംഭിച്ചു. ഇതുവരെ 15 കോടി രൂപയുടെ വിദേശ കയറ്റുമതി നടത്തി. ഇനിയും നിരവധി ഓർഡറുകളാണ് നിലനിൽക്കുന്നത്.
2021 ഒക്‌ടോബറിലാണ് സർക്കാരിന്റെ സഹായത്തോടുകൂടിയുള്ള ആധുനികവത്കരണ പദ്ധതി പൂർത്തീകരിച്ചത്. ഇതിനെതുടർന്ന് സിപിന്നിംഗ് കപ്പാസിറ്റി 12000 ൽ നിന്ന് 25200 ലേക്ക് ഉയർത്തി.ആധുനിക സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീനുകൾ സ്ഥാപിക്കുക വഴി ഗുണമേന്മയുള്ള നൂല്‍ ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞതാണ് വിദേശകയറ്റുമതിക്ക് സാധ്യമാക്കിയത്. കൂടാതെ മില്ലിന് ലഭിച്ച ഐ.എസ്.ഒ 9001:2015 അംഗീകാരവും ഇതിന് കാരണമായി. കേരളത്തിലെ പൊതുമേഖലാ, സഹകരണ സ്പിന്നിംഗ് മില്ലുകളിൽ ഐ.എസ്.ഒ അംഗീകാരം നേടിയ ആദ്യ സ്ഥാപനമാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ.
സർക്കാരിന്റെ ഹൈസ്‌കൂൾ യൂണീഫോം പദ്ധതിക്ക് കഴിഞ്ഞ ഒരു വർഷമായി പോളിസ്റ്റർ കോട്ടൺ നൂൽ ഇവിടെ നിന്നാണ് നൽകുന്നത്. ഒന്നര ലക്ഷത്തിൽപരം കിലോ നൂലാണ് ഇതിനായി നൽകിയത്. ശമ്പളപരിഷ്‌കരണവും 60തോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതുമൂലവും മില്ലിന് പ്രതിമാസം 20 ലക്ഷം രൂപയോളം അധികചെലവ് ഉണ്ടായിട്ടുണ്ടും ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 2021-22 സാമ്പത്തിക വർഷം 183 ലക്ഷം രൂപ പ്രവർത്തന ലാഭം കൈവരിച്ചു.

-----------

ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തന മികവിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് രേഖാമൂലം അഭിനന്ദനങ്ങൾ അറിയിച്ചു.

എ.മഹേന്ദ്രൻ

മിൽ ചെയർമാൻ

---------------------
മാനേജ്മെന്റിന്റേയും തെഴിലാളി യൂണിയനുകളിടേയും സഹകരണമാണ് വിജയത്തിന് കാരണം.
പി.എസ്.ശ്രീകുമാർ

ജനറൽ മാനേജർ