ആലപ്പുഴ: നഗരത്തിൽ റോഡുകളുടെ വൈറ്റ് ടോപ്പിംഗും പാലങ്ങളുടെ പുതുക്കി പണിയും മന്ദഗതിയിലായതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. വിദ്യാലയങ്ങൾ കൂടി തുറന്നതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന അവസ്ഥയാണ്.

നിലവിൽ സർവീസ് നടത്തുന്നതിനേക്കാൾ കുറഞ്ഞത് 130 ചെറുതും വലുതുമായ സ്കൂൾ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയുടെ അധികട്രിപ്പുകളും സർവീസ് നടത്തുന്നതോടെ നഗരത്തെ രാവിലെയും വൈകിട്ടും നിശ്ചലമാക്കുമെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൂട്ടൽ.

രാവിലെ 8 മുതൽ 10വരെയും വൈകിട്ട് 4മുതൽ 7മണിവരെയും നഗരത്തിലൂടെ സഞ്ചരിച്ചാൽ ഒന്നരമണിക്കൂറെങ്കിലും അധികമെടുക്കും. നിലവിൽ ജില്ലാ കോടതിപ്പാലത്തിന് വടക്കെക്കരയിലും ശവക്കോട്ടപ്പാലം ജംഗ്ഷനിലുമാണ് ഗതാഗത കുരുക്ക് അതിരൂക്ഷം.

ജില്ലാ കോടതി പാലത്തിന് സമീപമാണ് മിനി സിവിൽ സ്റ്റേഷൻ, ജില്ലാക്കോടതി, താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, അഞ്ച് വിദ്യാലയങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിൽ എത്തുന്ന ജീവനക്കാരും വിദ്യാർത്ഥികളും കേസുകൾക്കായി എത്തുന്നവരും വക്കീലൻന്മാരും ക്ളാർക്കുമാരും ഹൗസ്ബോട്ടിൽ സഞ്ചരിക്കാനായി എത്തുന്ന സഞ്ചാരികളെയും കൊണ്ട് രാവിലെയും വൈകിട്ടും വലിയ തിരക്കാണ് ഇവിടെ.

വടക്കേക്കരയിൽ നിന്ന് വലത്തോട്ട് വാഹനങ്ങൾ തിരിയുന്നതാണ് പലപ്പോഴും ബ്ളോക്ക് ഉണ്ടാക്കുന്നത്. കൂടുതൽ വിദ്യാലയങ്ങളുള്ള സർക്കാർ ജീവനക്കാർ അധികമായെത്തുന്ന ജംഗ്ഷനാണ് ശവക്കോട്ടപ്പാലം.

സമയത്തിന് നിർമാണം പൂർത്തിയാക്കാത്തത് വിന

നഗരത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണ ജോലികൾ പൂർത്തീകരിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിന് ഉണ്ടായ വീഴ്ച്ചയാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.
കുരുക്ക് ഒഴിവാക്കാൻ എ.ആർ ക്യാമ്പിൽ നിന്നുള്ള പത്ത് പൊലീസുകാരുടെ സഹായം ട്രാഫിക് പൊലീസിന് ലഭിക്കുന്നത് ആശ്വാസകരമാകും. ട്രാഫിക് നിയന്ത്രിക്കുന്നതിനായി ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജുമായി ട്രാഫിക് എസ്.ഐ എം.എം.വിൻസെന്റ് നടത്തിയ ചർച്ചയിൽ എ.ആർ.ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസിനെ നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കുരുക്കിലാക്കാൻ

വഴിയോര കച്ചവടവും

വഴിയോര കച്ചവടവും ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്.

ജില്ലാ കോടതി പാലം, ഇന്ദിര ജംഗ്ഷൻ, കല്ലുപാലം ചന്ദനക്കാവ് ജംഗ്ഷൻ, കൊമേഴ്‌സ്യൽ കനാലിന്റെ ഇരുകരകൾ എന്നിവിടങ്ങളിലെ നിരത്തുകൾ വഴിയോര കച്ചവടക്കാരും കൈയേറിയതോടെ ഇരുചക്രവാഹനത്തിൽ പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ജില്ലാ കോടതിപാലം മുതൽ വടക്കോട്ട് കാൽനട യാത്രക്കാർക്കുള്ള സ്ഥലം കൈയേറി വാഹനങ്ങളിൽ പച്ചക്കറി, പഴവർഗ കച്ചവടം നടത്തുകയാണ്.

............................................................

'റോഡുകളുടെയും പാലങ്ങളുടെയും പുതുക്കി പണിയുന്ന ജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാക്കോടതി പാലത്തിന്റെ വടക്കേക്കര മുതൽ കൈചൂണ്ടിമുക്ക് വരെ നിയമം തെറ്റിച്ച് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും.

എം.എം.വിൻസെന്റ്, എസ്.ഐ ട്രാഫിക്, ആലപ്പുഴ