സംരക്ഷണമില്ലാതെ മാന്നാറിലെ ആദ്യവിദ്യാലയം
മാന്നാർ: ഒന്നരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാ വിദ്യാലയത്തിന്റെ ശേഷിപ്പുകൾ വിസ്മൃതിയിലേക്ക് നീങ്ങുന്നു. മാന്നാറിലെ ശ്രീവിജ്ഞാന പ്രദായനി സംസ്കൃതം സ്കൂളാണ് ജീർണിച്ച് തകർന്നുവീഴാറായ അവസ്ഥയിലായത്.
1870 - 71ൽ തുടക്കം കുറിച്ച് അറുപതുവർഷം വിജ്ഞാനം പകർന്നുനൽകി 1930ൽ നിലച്ചുപോയ സ്കൂൾ സ്ഥാപിച്ചത് വൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയിൽ അതീവ പാണ്ഡിത്യംനേടിയിട്ടുള്ള കുട്ടംപേരൂർ വെട്ടിക്കാട്ട് കിഴക്കേതിൽ എന്നറിയപ്പെട്ടിരുന്ന ശക്തിവിലാസത്തിൽ കൊച്ചുകൃഷ്ണനാശാൻ ആണ്.
തിരുവിതാംകൂർ രാജവംശത്തിന്റെ ജ്യോതിഷ ഉപദേശകരിൽ പ്രമുഖനായിരുന്ന കൊച്ചുകൃഷ്ണനാശാൻ സ്വാമി വിദ്യാപ്രസാദ് എന്ന നിലയിൽ പ്രശസ്തനായിരുന്നു. സാധാരണക്കാരനും സംസ്കൃതഭാഷ പഠിക്കണമെന്ന ലക്ഷ്യത്തോടെ പഞ്ചമംക്ലാസ് (അഞ്ചാംക്ലാസ്) വരെയായിരുന്നു പഠനമെങ്കിലും സംസ്കൃതം, ജ്യോതിഷം, വാസ്തുവിദ്യ, ആയുർവേദം തുടങ്ങി ഭാരതസംസ്കാരത്തിന്റെ അറിവുകളുടെ ഒരു സർവകലാശാലയായിരുന്നു.
മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാംവാർഡ് കുന്നത്തൂർ ക്ഷേത്രജംഗ്ഷന് കിഴക്കുമാറി തെക്കോട്ടുള്ള റോഡിൽ കിഴക്കുവശത്തായി കാണുന്ന ഓടിട്ടകെട്ടിടം നിരവധി ചരിത്രവസ്തുക്കളുടെ കേന്ദ്രംകൂടിയാണ്.വിദ്യാലയത്തിന്റെ ഒരുഭാഗം മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.
കൊച്ചുകൃഷ്ണനാശാന്റെ കൊച്ചുമകൻ ജി.മോഹനൻ
അപൂർവങ്ങളായ ഗ്രന്ഥങ്ങൾ, താളിയോലകൾ, പുരാവസ്തുക്കൾ, സ്വാമി തന്നെ വരച്ച് തയ്യാറാക്കിയ ജീവശാസ്ത്ര പുസ്തകം, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആഴ്ചപ്പതിപ്പുകൾ തുടങ്ങി നിരവധി വസ്തുക്കൾ ഇവിടെയുണ്ട്. ഇവിടെ കൊച്ചുകൃഷ്ണനാശാന്റെ കൊച്ചുമകൻ ജി.മോഹനനാണുള്ളത്. ഭാര്യ രാഗിണി, മക്കളായ ജിഷ്ണു, ഗോവിന്ദ് എന്നിവരടങ്ങിയതാണ് മോഹനന്റെ കുടുംബവും ഒപ്പമുണ്ട്. സ്കൂളിന്റെ സംരക്ഷണം ഉദ്ദേശിച്ചായിരുന്നു ഇവർ ഇവിടെ താമസമാക്കിയത്. കുന്നത്തൂർ ഗവ.സ്കൂളിലെ ഭാഷാഅദ്ധ്യാപകൻ പരേതനായ ഗോവിന്ദൻകുട്ടിയുടെ മകനാണ് മോഹനൻ.
തടിയിൽനിർമ്മിച്ച മേൽക്കൂരയുടെ തടിഭാഗങ്ങളെല്ലാം ദ്രവിച്ച്പോയിരിക്കുന്നു. മഴവെള്ളം വീഴാതിരിക്കാൻ ഓടിനുമുകളിൽ പ്ലാസ്റ്റിക് വിരിച്ചിരിക്കുകയാണ്. ഒരുനാടിന്റെ അറിവിന്റെ കേന്ദ്രമായിരുന്ന ഈ പുരാതന വിദ്യാലയത്തിന്റെ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.................................................
പൈതൃക സംസ്കൃതിയുടെ തിരുശേഷിപ്പുകളാണ് നിലനിൽക്കുന്നത്. നിർദ്ദിഷ്ട പൈതൃക ടൂറിസത്തിന്റെ ഭാഗമാക്കി ഭാവി തലമുറയ്ക്കുവേണ്ടി അവ സംരക്ഷിക്കുവാൻ സാംസ്കാരികമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം.
അഡ്വ.അനിൽ വിളയിൽ, ചരിത്ര ഗവേഷകൻ,
അഡ്വക്കേറ്റ് ആൻഡ് നോട്ടറി (ഭാരത സർക്കാർ)
ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ സംസ്കൃത ഭാഷ നിലനിനിർത്തിക്കൊണ്ടു പോകണമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവിലൂടെ ഈ വിദ്യാലയം ഉയിർത്തെഴുന്നേൽക്കണം. നിലച്ചുപോയ പഴയ വിദ്യാലയം പുതുതലമുറയ്ക്ക് പരിചിതമാകുന്ന തരത്തിൽ സംരക്ഷിക്കപ്പെടണം.
പി.ബി ഹാരിസ്, ചരിത്ര ഗ്രന്ഥകർത്താവ്
പ്രാരാബ്ധങ്ങൾക്കു നടുവിലും പൂർവികർ കൈമാറിത്തന്ന അപൂർവ ചരിത്രശേഷിപ്പുകൾ നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുകയാണ്. മഴ പെയ്താൽ കെട്ടിടത്തിനുള്ളിലേക്ക് വെള്ളം ഇറങ്ങും. ഇടിഞ്ഞ് വീഴാറായി നിൽക്കുന്ന ഭിത്തികൾക്ക് നടുവിൽ ഭീതിയിലാണ് കുടുംബം കഴിയുന്നത്.
ജി.മോഹനൻ
കൊച്ചുകൃഷ്ണനാശാന്റെ കൊച്ചുമകൻ
.................................