ആലപ്പുഴ: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിർമ്മിച്ച റോഡ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. മുട്ടത്തിപ്പറമ്പ് മാർക്കറ്റിൽ നിർമ്മിച്ച റോഡാണ് പൊളിച്ച് നീക്കിയത്.

കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും നിർമിച്ചയാൾ റോഡ് പൊളിച്ചു മാറ്റാൻ തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.എസ്.സുരേഷ് കുമാർ, പഞ്ചായത്തംഗം ഗ്രേസി, സെക്രട്ടറി പി.പി.ഉദയസിംഹൻ, ജൂനിയർ സൂപ്രണ്ട് ആർ.രതീഷ് കുമാർ, ക്ലർക്ക് ശ്രീകാന്ത് വി.കമ്മത്ത് എന്നിവർ നേതൃത്വം നൽകി.