s
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര

മാവേലിക്കര : മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016 ൽ വെളിച്ചത്തുവന്ന വൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ഇന്നും പെരുവഴിയിൽ. നിക്ഷേപകർ സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് ഇടപെട്ട് കൺസോർഷ്യം രൂപീകരിച്ചെങ്കിലും ബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം തുടർ നടപടികൾ നടക്കുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്മ അംഗങ്ങൾ ആരോപിച്ചു.

2020ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഒരു വർഷത്തിനകം നിക്ഷേപകർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും തഴക്കര ശാഖയിലെ നിക്ഷേപകർക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല. ബാങ്ക് ഭരണ സമിതി യോഗങ്ങൾ യഥാസമയം കൂടുന്നില്ലെന്നും ആരോപണമുണ്ട്. ഭരണസമിതിയിലെ ഒരംഗം തുടക്കത്തിൽ തന്നെ രാജിവച്ചിരുന്നു. ചില ഭരണസമിതി അംഗങ്ങൾ തുടർച്ചയായി യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് കാട്ടി നിക്ഷേപകർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു അംഗം സഹകരണ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് മത്സരിച്ചത് എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

നിക്ഷേപകർ ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ ഫലമായി, പ്രതികളായിട്ടുള്ളവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യണമെന്ന് കോട്ടയം സ്‌പെഷ്യൽ വിജിലൻസ് കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം കൊടുത്തിരുന്നു. അതിൻമേൽ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ട് ജൂൺ 7 ന് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോടും എൻഫോഴ്സ്‌മെന്റിനോടും നിർദ്ദേശിച്ചിട്ടുണ്ട്.

കേസും നടപടികളും

പ്രധാന പ്രതികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിലെ കൺകറന്റ് ഓഡിറ്ററായിരുന്ന ശിവരാജൻ നായരേയും, ബാങ്കിന് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ സഹായം നൽകിയിരുന്ന ബി.കെ.പ്രസാദിനെയും ക്രൈംബ്രാഞ്ച് അറ്റസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കും ജാമ്യം ലഭിച്ചു. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചയാൾ ബാങ്കിന്റെ വ്യാജ രസീതും സീലും നിർമ്മിച്ചതായുള്ള കേസും അന്വേഷണത്തിലാണ്.

നിക്ഷേപകർ പറയുന്നത്

വൻ വായ്പ കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികളിൽ നിന്നും പണം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടലുകളും വ്യക്തി താത്പര്യങ്ങളും കൊണ്ടാണ്. യാതൊരുവിധ പണമിടപാടും നടക്കാത്ത സ്ഥിതിയിലാണ് ബാങ്കിന്റെ കൂടുതൽ ശാഖകളുടെയും പ്രവർത്തനം. എന്നാൽ ജീവനക്കാർ ഉയർന്ന ഗ്രേഡിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്ന് നിക്ഷേപക കൂട്ടായ്മ പ്രതിനിധികളായ ബി.ജയകുമാർ എം.വിനയൻ, പ്രഭാകരൻ നായർ, രമ, കെ.സി.ചെറിയാൻ എന്നിവർ പറഞ്ഞു.

പുനരുദ്ധാരണ പാക്കേജ് എന്ന പേരിൽ ജോയിന്റ് രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാതെ നിക്ഷേപകരെ വഞ്ചിക്കുകയാണ്

-നിക്ഷേപക കൂട്ടായ്മ പ്രതിനിധികൾ