 
കുട്ടനാട് : ഹെലികോപ്ടറിന് പറന്നിറങ്ങാൻ സൗകര്യമുള്ള ഏഴുനില കെട്ടിടം, ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങൾ.... തങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യങ്ങൾ വാഗ്ദാനങ്ങളായി പെയ്തിറങ്ങിയപ്പോൾ കുട്ടനാട്ടുകാർ ശരിക്കും വിശ്വസിച്ചു പോയി. ഇവിടെ സാധാരണക്കാർക്ക് ചികിത്സയ്ക്കുള്ള ഏക ആശ്രയകേന്ദ്രമായ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലാണ് കിഫ്ബിയിൽ നിന്ന് 150 കോടി രൂപ മുടക്കി ഏഴുനില കെട്ടിടവും ആധുനിക സൗകര്യങ്ങളും സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പറഞ്ഞതൊക്കെ വാഗ്ദാനങ്ങളായി അവശേഷിച്ചുവെന്നതാണ് യാഥാർത്ഥ്യം.
ആശുപത്രിയുടെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. മഴപെയ്തതോടെ പരിസരം വെള്ളം നിറഞ്ഞ് ചെളിയായ നിലയിലാണ്. ഏതു നിമിഷവും തെന്നിവീഴാം. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് നൂറ് വർഷത്തിലേറെ പഴക്കം വരുന്ന ഈ ആശുപത്രി.
വി.എസ് സർക്കാരിന്റെ കാലത്ത് എൻ.ആർ.എച്ച്.എമ്മിൽ നിന്ന് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പറേഷൻ തിയേറ്ററിന് കെട്ടിടം നിർമ്മിച്ചിരുന്നു. എന്നാൽ കെട്ടിടം ബലഹീനമെന്ന് കണ്ടെത്തിയതോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇപ്പോൾ വെറുതെ കിടക്കുകയാണ് ഇത്. 2018ലെ പ്രളയത്തിൽ ആശുപത്രി പൂർണമായി മുങ്ങിയിരുന്നു. ഇതുകൂടാതെ, എല്ലാവർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.
രോഗികൾ ബുദ്ധിമുട്ടും
 രാവിലെ എട്ടിന് തന്നെ ഒ.പി പ്രവർത്തനം ആരംഭിക്കുമെങ്കിലും പത്തുമണിയായാൽ പോലും പല സീറ്രീലും ഡോക്ടർമാർ ഉണ്ടാകാറില്ല
 രോഗം ബാധിച്ചെത്തുന്ന കൊച്ചുകുട്ടികൾ മുതൽ പ്രായമേറിയവർ വരെയുള്ളവർ മണിക്കൂറുകളോളം ക്യൂ നിന്നാണ് ചികിത്സ തേടുന്നത്
 ആശുപത്രിയുടെ വികസനത്തിനായി കോടിക്കണക്കിന് രൂപ ചിലവ് വരുന്ന പദ്ധതിക്ക് വർഷങ്ങൾക്ക് മുമ്പ് രൂപം നൽകിയെങ്കിലും വിശദമായ പദ്ധതിരേഖ പോലും തയ്യാറാക്കിയിട്ടില്ല
ആശുപത്രിയുടെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. പരിസരം മണ്ണിട്ട് ഉയർത്തുന്നതിനും ഇവിടെ എത്തിച്ചേരുന്ന രോഗികളടമുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്
- എം.വി.വിശ്വംഭരൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
.