ആലപ്പുഴ: ഒരുകാലത്ത് ഒരു ജനവിഭാഗത്തിന്റെ അറിവിന്റെ കേന്ദ്രമായിരുന്ന സ്കൂൾ ഇന്ന് കയർഗോഡൗണായി പ്രവർത്തിക്കുന്നു. ആലപ്പുഴയിലെ ഗുജറാത്തി സ്കൂളിനാണ് ഈ ഗതികെട്ട അവസ്ഥ.
ആലപ്പുഴയിലെ ഗുജറാത്തി സമൂഹത്തിന്റെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണ് സ്കൂളിന്റെ വളർച്ചയ്ക്ക് തടസമായി നിന്നത്. എന്നിരുന്നാലും പ്രതീക്ഷയുടെ ഒരു നാളമായി സ്കൂളിന്റെ ഉയിർത്തെഴുന്നേൽപ്പിനായി ആഗ്രഹിക്കുകയാണ് ഗുജറാത്തി സമൂഹത്തിലെ ഒരു വിഭാഗം.
ഗുജറാത്തികളുടെ ആലപ്പുഴയിലേക്കുള്ള കുടിയേറ്റ കാലത്തോളം പഴക്കമുണ്ട് ഈ സ്കൂളിനും. ജൈനക്ഷേത്രത്തിന് സമീപമാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് സ്കൂൾകെട്ടിടം നിലനിൽക്കുന്നത്. ഗുജറാത്തി കുട്ടികൾക്ക് പുറമേ, തദ്ദേശിയരായ നൂറുകണക്കിന് കുട്ടികൾക്കും ഈ സ്കൂൾ ഒരു കാലത്ത് പ്രധാന ആശ്രയമായിരുന്നു. നഗരത്തിൽ മറ്റ് പ്രധാന സ്കൂളുകൾ വന്നതും, ഗുജറാത്തി സമൂഹത്തിന്റെ എണ്ണം കുറഞ്ഞതും സ്കൂൾ പൂട്ടിപ്പോകാൻ കാരണമായി. സ്കൂൾ അടഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് കയർ സൂക്ഷിക്കാനുള്ള വാടക കെട്ടിടമായി ക്ലാസ് മുറികൾ രൂപാന്തരപ്പെട്ടത്.
തിരിച്ച് കൊണ്ടുവരാൻ ആഗ്രഹം
ഇന്ന് ആലപ്പുഴയിൽ കഴിയുന്ന ഗുജറാത്തി സമൂഹത്തിലെ മുതിർന്ന തലമുറക്കാർ ആലപ്പുഴ ഗുജറാത്തി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. തങ്ങൾക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയത്തിന് വീണ്ടും ജീവൻ പകരണമെന്ന ആഗ്രഹം ഇവർ മനസിൽ സൂക്ഷിക്കുന്നു. അഞ്ചാം ക്ലാസ് വരെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇംഗ്ലീഷിനും ഗുജറാത്തിക്കും പുറമേ മലയാളവും അറബിയും ഇവിടെ പാഠ്യ വിഷയങ്ങളായിരുന്നു. വിവിധ മത വിഭാഗങ്ങളിലെ അദ്ധ്യാപകരും പഠിപ്പിക്കാനെത്തിയിരുന്നു. വർഷങ്ങളായി കയർ ഗോഡൗണായി വാടകയ്ക്ക് നൽകിയിരിക്കുന്ന ക്ലാസ് മുറികൾ വീണ്ടെടുത്ത് വീണ്ടും അദ്ധ്യയനം ആരംഭിക്കുകയെന്നത് തങ്ങളുടെ സ്വപ്നമാണെന്ന് ഒരു വിഭാഗം ഗുജറാത്തികൾ പറയുന്നു. ആദ്യ ഘട്ടത്തിൽ എൽ.കെ.ജി, യു.കെ.ജി സെക്ഷനുകളുമായി തുടങ്ങണമെന്നാണ് പ്ളാൻ. എല്ലാ വർഷവും ആലോചനായോഗങ്ങൾ കൂടാറുണ്ടെങ്കിലും, ഭൂരിപക്ഷ അംഗങ്ങളുടെ സമ്മതം ലഭിക്കാത്തതിനാൽ തുടർ നടപടികളിലേക്ക് നീങ്ങാൻ സാധിച്ചിട്ടില്ല.
>>>>>>>>>>>>>>>>>>>.................................................
കുട്ടികളുടെ കിൻഡർ ഗാർഡൻ സെക്ഷനോടെ സ്കൂൾ പുന:രാരംഭിക്കണമെന്ന് ആഗ്രഹമുണ്ട്. ഗുജറാത്തി സമൂഹത്തിന്റേതായി തന്നെ സ്കൂൾ തുടങ്ങണമെന്നാണ് പദ്ധതി. ഘട്ടം ഘട്ടമായി അഞ്ചാം ക്ലാസ് വരെ ഉയർത്താം. എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചാൽ ഗുജറാത്തി സ്കൂളിനെ തിരികെ കൊണ്ടുവരാൻ സാധിക്കും
ചന്ദ്രേഷ്, ഗുജറാത്തി സംഘടനാ പ്രവർത്തകൻ