മാവേലിക്കര: എം.എസ്.അരുൺകുമാർ എം.എൽ.എയുടെ വാഹനത്തിന് നേരെ അപകടകരമായി അമിതവേഗത്തിൽ ലൈറ്റുകൾ ഇട്ട് പാഞ്ഞടുത്ത സ്വകാര്യ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. മലയാലപ്പുഴ - മണ്ണാറശാല റൂട്ടിലോടുന്ന ബട്ടർഫ്ളൈ എന്ന ബസിനെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടു കൂടി മാങ്കാംകുഴിയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് എം.എൽ.എയുടെ വാഹനം അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
തന്റെ വാഹനത്തിന് നേരെ അപകടകരമാവിധം റോഡിലൂടെ ബസ് പാഞ്ഞെത്തിയ സംഭവം എം.എൽ.എ തന്നെയാണ് ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫനെ അറിയിച്ചത്. തുടർന്ന് ഹരിപ്പാട് വച്ച് ബസ് പിടിച്ചെടുക്കുകയും പരിശോധനയിൽ വാഹനത്തിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും സ്പീഡ് ഗവർണർ വിച്ഛേദിച്ചതിന് പെർമിറ്റ് ലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തു. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. എം.വി.ഐ ബിജു.ബി, എ.എം.വി.ഐ സജു.പി.ചന്ദ്രൻ, ഗുരുദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.