s
ക്ഷീര വികസന വകുപ്പിന്റെ ചെമ്പുംപുറത്തെ എലിവേറ്റഡ് മൾട്ടിപർപ്പസ് കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ്

ആലപ്പുഴ: പ്രളയം വന്നാൽ കന്നുകാലികൾക്ക് കാലിത്തൊഴുത്തിന്റെ ഒന്നുരണ്ടും നിലകളിലേക്ക് ഓടിക്കയറി രക്ഷപ്പെടാം, കാറ്റുകൊണ്ട് സുഖമായി വിശ്രമിക്കാം. തീറ്റ ലിഫ്റ്റിൽ എത്തും! പ്രളയത്തെ പേടിക്കേണ്ട. സംസ്ഥാനത്ത് ആദ്യത്തെ ബഹുനില കാലിത്തൊഴുത്ത് (എലിവേറ്റഡ് മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ്) കുട്ടനാട്ടിൽ സജ്ജമായി. മറ്റൊന്ന് ചമ്പക്കുളത്ത് നിർമ്മാണം പൂർത്തിയായി വരുന്നു.

ആറ്റുനോറ്റു വളർത്തുന്ന കന്നുകാലികളെ പ്രളയകാലത്ത് രക്ഷിക്കാനാവാതെ മരണത്തിന് വിട്ടുകൊടുത്ത് കണ്ണീർവാർക്കുന്ന കർഷകരുടെ സങ്കടത്തിന് ഇതോടെ അറുതിയാകും. നെടുമുടി ഗ്രാമപഞ്ചായത്തിൽ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ക്ഷീരവികസന വകുപ്പ് മൂന്നുനില കാലിത്തൊഴുത്ത് നിർമ്മിച്ചത്. ചെലവ് 1.80 കോടി. വെള്ളപ്പൊക്കമുണ്ടായാൽ നൂറിലധികം ഉരുക്കളെ ഒരേസമയം ഇവിടെ പാർപ്പിക്കാം.

കെട്ടിടത്തിന്റെ ഒന്നുംരണ്ടു നിലകളിലാണ് കന്നുകാലികളെ പാർപ്പിക്കാനുള്ള സൗകര്യം. അവയ്ക്ക് നടന്നുകയറാൻ പാകത്തിൽ റാമ്പ് സൗകര്യവും. പാൽ സംഭരണ സംവിധാനം, പാൽ പരിശോധനാ മുറികൾ, സംഘം ഓഫീസ്, കാലിത്തീറ്റ ഗോ‌‌ഡൗൺ, യോഗം കൂടാനുള്ള മുറികൾ എന്നിവയുമുണ്ട്. ചമ്പക്കുളത്ത് 2.69 കോടി ചെലവിലാണ് നിർമ്മാണം. കഴിഞ്ഞ പ്രളയങ്ങളിൽ നിരവധി കന്നുകാലികൾ ചത്തൊടുങ്ങിയിരുന്നു. തുടർന്നാണ് ക്ഷീരവികസന വകുപ്പിന്റെ ഇത്തരമൊരു പദ്ധതി.

കുട്ടനാട്ടിലെ ബഹുനില തൊഴുത്ത്

 15 സെന്റിൽ 5,496 ചതുരശ്ര അടി, 3 നിലകൾ

 ഗ്രൗണ്ട് ഫ്ലോർ - പാൽ സംഭരണം, സംഘം ഓഫീസ്, കാലിത്തീറ്റ ഗോഡൗൺ

 ഒന്നാം നില - 70- 75 പശുക്കളെ പാർപ്പിക്കാം

 രണ്ടാം നില - 30 -35 പശുക്കളെ പാർപ്പിക്കാം

 തീറ്റ എത്തിക്കാൻ ലിഫ്റ്റ്, ജനറേറ്റർ സൗകര്യം, ഫാനുകൾ

 ചാണകം, മൂത്രം സംഭരണത്തിന് ടാങ്കുകൾ

വെള്ളപ്പൊക്കമില്ലാത്തപ്പോൾ തീറ്റപ്പുൽ, വൈക്കോൽ സംഭരണ കേന്ദ്രമായും, മുറികൾ യോഗങ്ങൾക്കും ഉപയോഗിക്കും. അടുത്ത കൊയ്‌ത്തു മുതൽ കിട്ടുന്ന കച്ചി പരമാവധി ഇവിടെ സംഭരിക്കും.

- സുജാത, ഡെയറി എക്സ്റ്റെൻഷൻ ഓഫീസർ, ചമ്പക്കുളം